അപകടസാധ്യതയില്ലാതെ വികസനം ; ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ഹൈക്കോടതി


കൊച്ചി :- സർക്കാർ വിവിധ നിർമാണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമ്പോൾ അപകടസാധ്യത ഒഴിവാക്കുന്നതിനായി ദുരന്തനിവാരണ അതോറിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങൾ ഭാവിപദ്ധതികളിൽ നടപ്പാക്കണമെന്ന് ഹൈക്കോടതി. പദ്ധതികളുടെ ആസൂത്രണഘട്ടത്തിൽത്തന്നെ മുൻകരുതൽ ഉറപ്പാക്കുന്നതിനായാണ് 2023 ഡിസംബർ 18-ന് ദുരന്തനിവാരണ അതോറിറ്റി സർക്കുലർ ഇറക്കിയത്. ഇത് എല്ലാ പദ്ധതികളുടെ കാര്യത്തിലും പാലിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

പുനലൂർ-മൂവാറ്റുപുഴ പാതയിൽ അശാസ്ത്രീയമായി കലു ങ്ക് നിർമിച്ചതിനെത്തുടർന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരം തേടി പത്തനംതിട്ട സ്വദേശി ശ്യാമ അഡ്വ. ജെസ്റ്റിൻ മാത്യു വഴി ഫയൽ ചെയ്ത ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിർദേശമുള്ളത്. പദ്ധതി നടപ്പാക്കുന്നതിനു മുൻപേ സാമൂഹികാഘാത പഠനം നടത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിച്ച് ചെക്ക് ലിസ്റ്റിൽ രേഖപ്പെടുത്തണമെന്നാണ് സർക്കുലറിലുള്ളത്. പദ്ധതി പ്രദേശത്ത് പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കണം. സർക്കുലറിലെ നിർദേശങ്ങൾ പാലിക്കുമെന്ന് കോടതിയിൽ സർക്കാർ ഉറപ്പുനൽകിയിരുന്നു. നിർമാണഘട്ടത്തിൽത്തന്നെ വകുപ്പുകൾ തമ്മിൽ ആശയവിനിമയം നടത്തുന്നത് ദുരന്തസാധ്യത കുറയ്ക്കാൻ സഹായകമാകുമെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.

Previous Post Next Post