ആലപ്പുഴ :- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം മേയ് ഒന്നു മുതൽ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും അടിസ്ഥാനസൗകര്യമൊരുങ്ങിയില്ല. പുതിയ മാതൃകയിൽ ടെസ്റ്റ് നടത്തണമെങ്കിൽ മൈതാനങ്ങളിൽ കൂടുതൽ സൗകര്യംവേണം. ഒരു മാസം പോലും ബാക്കിയില്ലാത്തതിനാൽ ടെസ്റ്റ് പരിഷ്കാരം വൈകാനാണു സാധ്യത. തിരഞ്ഞെടുപ്പിനുശേഷമേ ഇതിനുള്ള ഒരുക്കം തുടങ്ങാനിടയുള്ളൂ.
മോട്ടോർവാഹന വകുപ്പ് സ്വന്തം സ്ഥലത്ത് ടെസ്റ്റ് നടത്തുന്നതു വിരളമാണ്. കൂടുതലായും പൊതുവിടങ്ങളിലും വാടകസ്ഥലങ്ങളിലുമാണ്. അതിനാൽ മൈതാനങ്ങൾ കണ്ടെത്തി സൗകര്യമൊരുക്കാൻ സമയമെടുക്കും.ടെസ്റ്റുകളുടെ എണ്ണം മേയ് മുതൽ 30 ആയി ചുരുക്കിയിട്ടു. മുൻപ് 50-ലേറെ നടത്തിയിരുന്നു. വേനലവധിക്കാലത്ത് ഡ്രൈവിങ് പഠിക്കാൻ കൂടുതൽപ്പേർ എത്താറുണ്ട്. ടെസ്റ്റുകൾ കുറയ്ക്കുന്നത് അവരെ വലയ്ക്കും. അത്യാവശ്യമായി ലൈസൻസ് എടുക്കേണ്ടവർ ബുദ്ധിമുട്ടും.
പരിഷ്ക്കരണം പ്രഖ്യാപിച്ചതു മുതൽ ലൈസൻസെടുക്കാൻ തിരക്കായിരുന്നു. പലർക്കും തീയതി ലഭിച്ചില്ല. മുൻപ്. 'എച്ചും' റോഡ് ടെസ്റ്റും കടന്നാൽ ലൈസൻസ് കിട്ടുമായിരുന്നു. പുതിയരീതിയിൽ അതു പോരാ. കയറ്റത്തിലും ഇറക്കത്തിലും വാഹനം നിർത്തിയെടുക്കണം. ഇതിനു കൂടുതൽ പരിശീലനം വേണം. പഠനത്തിനു ചെലവേറുകയും ചെയ്യും. പുതിയ സംവിധാനമൊരുക്കാനും നല്ല ചെലവുണ്ട്. ഇത് ആരു വഹിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുമില്ല.