ഓൺലൈൻ തട്ടിപ്പ് ; തലശ്ശേരി സ്വദേശിക്ക് പണം നഷ്ടമായി


കണ്ണൂർ :- ഫെയ്‌സ്ബുക്കിൽ സ്ക്രാച്ച് ആൻഡ് വിൻ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്‌ത തലശ്ശേരി സ്വദേശിക്ക് പണം നഷ്ടമായി. ലിങ്കിൽ പ്രവേശിച്ചതിനു ശേഷം പണം ലഭിക്കുന്നതിനു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതോടെ അക്കൗണ്ടിൽ നിന്നും 4,979 രൂപ നഷ്ടമാവുകയായിരുന്നു. ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായി നിരവധി പേർക്കാണ് പണം നഷ്ടമാവുന്നത്. പല തരത്തിലുള്ള തട്ടിപ്പുകളാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത്. തട്ടിപ്പുകാർ പല വേഷത്തിലും സോഷ്യൽ മീഡിയകൾ വഴി നിങ്ങളെ സമീപിക്കുമെന്നു പൊലീസ് അറിയിച്ചു. പലതരത്തിലുള്ള ആകർഷകമായ വാഗ്ദ‌ാനങ്ങളും നിങ്ങൾക്ക് നൽകിയേക്കും. ഇത്തരക്കാരെ തിരിച്ചറിയണം. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫെയ്‌സ്ബുക്ക്, വാട്സാപ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം.

 കസ്‌റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്‌ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പെടുകയോ ചെയ്‌താൽ അതനുസരിച്ച് പ്രവർത്തിക്കുകയോ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുത്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി റജിസ്‌റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ്.

Previous Post Next Post