സേവനത്തിന്റെ പുണ്യങ്ങൾ


വി.പി.എം ഫൈസി വില്യാപ്പള്ളി 

അവശതകളും പ്രതിസന്ധികളും അനുഭവിക്കുന്ന ഒരുപാടുപേരുണ്ട് നമുക്കുചുറ്റും. രോഗം, കടം, തൊഴിലില്ലായ്‌മ, പട്ടിണി തുടങ്ങി മനുഷ്യർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഒട്ടേറെയാണ്. ഇത്തരം പ്രയാസങ്ങളൊന്നുമില്ലാതെ അല്ലാഹു അനുഗ്രഹിച്ച മനുഷ്യൻ പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ ബാധ്യസ്ഥനാണ്. ജനങ്ങൾക്ക് താങ്ങും തണലുമാവുകയെന്നത് വളരെയധികം പുണ്യവും അല്ലാഹുവിന് അത്യധികം പ്രിയവുമുള്ള കാര്യമാണ്. തിരുനബി(സ്വ) പറയുന്നു: "ജനങ്ങൾക്ക് ഏറെ ഉപകാരം ചെയ്യുന്നവരാരോ, അവരാണ് അല്ലാഹു ഏറ്റവും ഇഷ്ടം വെക്കുന്നവർ. ജനസേവകർക്ക് അല്ലാഹുവിൻ്റെ സഹായമുണ്ടാകുമെന്നും ഹദീസുകളിലുണ്ട്. തിരുനബി(സ്വ) പറയുന്നു: “ഒരാൾ തന്റെ സഹോദരനെ സഹായിക്കുന്ന കാലം അല്ലാഹു അവനെയും സഹായിക്കുന്നു."

"ഒരു സഹോദരന് സന്തോഷമുണ്ടാക്കുക, പ്രയാസങ്ങൾ ദൂരീകരിക്കുക, വിശപ്പകറ്റുക എന്നിവയെല്ലാം അല്ലാഹുവിന് ഏറെ പ്രിയമുള്ള കർമങ്ങളാണ്. ഒരാൾ തൻ്റെ സഹോദരൻ്റെ ആവശ്യത്തിനുവേണ്ടി നടന്ന് ആ കാര്യം നേടിക്കൊടുത്താൽ സ്വിറാത് പാലത്തിൽ അവന്റെ കാൽ അല്ലാഹു സ്ഥിരപ്പെടുത്തും"(ത്വബ്റാനി). ഇഹലോകത്തെ പ്രയാസങ്ങളിൽ ഒരു മനുഷ്യന് ആശ്വാസം പകർന്നാൽ പാരത്രിക പ്രയാസങ്ങളിൽനിന്ന് അല്ലാഹു രക്ഷ നൽകുമെന്ന് ഒട്ടേറെ പ്രവാചക വചനങ്ങളിലുണ്ട്.

വിശക്കുന്നവന് ഭക്ഷണം നൽകുന്നത് പാപങ്ങൾ പൊറുപ്പിക്കുന്ന സുകൃതങ്ങളിൽ പെട്ടതാണെന്ന് ഇസ്‌ലാമിക അധ്യാപനങ്ങളിൽ കാണാം. തൻ്റെ പരിധിയിൽ വിശക്കുന്നവനുണ്ടെന്നറിഞ്ഞിട്ടും വയറുനിറച്ചു ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങിയാൽ അവൻ എന്നിൽ വിശ്വസിച്ചവനല്ല എന്ന പ്രവാചക വചനമുണ്ട്. സത്പ്രവർത്തനങ്ങൾക്ക് ഇരട്ടി പുണ്യമുള്ള ഈ വിശുദ്ധമാസത്തിൽത്തന്നെ അത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങാനും വരും ഭാവിയിൽ സജീവമായി രംഗത്തുണ്ടാവുമെന്ന് പ്രതിജ്ഞയെടുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

Previous Post Next Post