മട്ടന്നൂർ :- തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി മട്ടന്നൂർ വിമാനത്താവളം . ഹജ് ക്യാംപിൻ്റെ ഉദ്ഘാടനം വൈകിട്ട് 4ന് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹാജിമാർക്കുള്ള ആദ്യ രേഖകളുടെ വിതരണം കെ.കെ ഷൈലജ എംഎൽഎ നിർവഹിക്കും. നാളെ പുലർച്ചെ 5.55 നാണ് കണ്ണൂരിൽ നിന്നുള്ള ഇത്തവണത്തെ ആദ്യ ഹജ് വിമാനം പുറപ്പെടുക. പ്രാദേശിക സമയം രാവിലെ 8.50ന് തീർഥാടകർ ജിദ്ദയിലെത്തും.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ഹാജിമാർ വിമാനത്താവളത്തിൽ എത്തിച്ചേരണം. വിമാനത്താവള ടെർമിനലിനു സമീപത്തെ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. തീർഥാടകരുടെ ലഗേജ് സ്വീകരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഹജ് കമ്മിറ്റി ഏർപ്പെടുത്തിയ വാഹനത്തിൽ ക്യാംപിലേക്ക് ഹാജിമാരെ എത്തിക്കും. ക്യാംപിൽ നാലു നേരവും ഭക്ഷണം, വിശ്രമം, പ്രാർഥന, ആരോഗ്യപരിശോധന എന്നിവയ്ക്കുള്ള സൗകര്യം ലഭിക്കും. ബോർഡിങ് പാസ്, പാസ്പോർട്ട്, വീസ, ഹെൽത്ത് കാർഡ്, ടാഗ്, ഓരോ യാത്രക്കാരന്റെയും തിരിച്ചറിയൽ വിവരങ്ങൾ രേഖപ്പെടുത്തിയ തകരവള എന്നിവയെല്ലാം ക്യാംപിൽ നിന്നാണ് കൈമാറുക. വിമാനം പുറപ്പെടുന്നതിനു നാലു മണിക്കൂർ മുൻപ് തീർഥാടകർ ക്യാംപിലെ അംസംബ്ലി ഹാളിൽ ഒത്തുചേരും. ഇവിടെ പ്രാർഥനയ്ക്കും അനുബന്ധ ചടങ്ങുകൾക്കും മതപണ്ഡിതർ നേതൃത്വം നൽകും. തീർഥാടകർക്കുള്ള യാത്രാ നിർദേശങ്ങൾ ഹജ് സെൽ ഉദ്യോഗസ്ഥരും വിശദീകരിക്കും. തുടർന്നാണ് വിമാനത്താവള ടെർമിനലിലേക്ക് എത്തിക്കുക. ടെർമിനലിൽ ഹാൻഡ് ബാഗ് പരിശോധിച്ച ശേഷം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ലോഞ്ചിലേക്ക് പ്രവേശിക്കാൻ അനുവദിക്കും. വിമാനം പുറപ്പെടുന്നതിനു മുക്കാൽ മണിക്കൂർ മുൻപ് മുതലാണ് വിമാനത്തിലേക്ക് തീർഥാടകരെ പ്രവേശിപ്പിക്കുക.