തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശത്തിനു പൊതുവിഭാഗത്തിലെ അപേക്ഷ നൽകൽ പൂർത്തിയായപ്പോൾ ജില്ലയ്ക്കു പുറത്തുള്ള സ്കൂളുകളിലേക്ക് അപേക്ഷ നൽകിയത് 44,435 കുട്ടികൾ. മുൻവർഷത്തെക്കാൾ കൂടുതലാണ്. ഒരാൾക്ക് ഒന്നിലധികം ജില്ലകളിൽ അപേക്ഷിക്കുന്നതിനു വിലക്കില്ല. ഇഷ്ട വിഷയത്തിൽ പഠിക്കാനാഗ്രഹിക്കുന്നവരാണ് ഇങ്ങനെ അപേക്ഷിക്കുന്നത്. കൂടുതലും ജില്ലയുടെ അതിർത്തിയിലുള്ളവർ. മലപ്പുറം ജില്ലയിലേക്കാണ് ഇത്തരത്തിൽ ഏറ്റവുമധികം അപേക്ഷകളുള്ളത്. 7,621 അപേക്ഷ അവിടേക്കു ലഭിച്ചപ്പോൾ 6,608 എണ്ണമുള്ള പാലക്കാടാണ് തൊട്ടു പിന്നിൽ. വയനാട്ടിലേക്ക് 164 അപേക്ഷകൾ മാത്രം. ഒന്നിൽക്കൂടുതൽ ജില്ലകളിൽ അപേക്ഷിച്ചവർക്ക് എല്ലാ ജില്ലകളിലും ഒരേസമയം അലോട്മെന്റ് ലഭിച്ചാൽ ഇഷ്ടമുള്ള ജില്ലയിൽ പ്രവേശനം നേടാം. അതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകൾ റദ്ദാകും. പ്രവേശനം നേടിയ ജില്ലയിൽ ആവശ്യമെങ്കിൽ താത്കാലിക അഡ്‌മിഷനിൽ തുടർന്ന് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകൾക്കായി കാത്തിരിക്കാം.
ആദ്യം ഒരു ജില്ലയിൽ മാത്രം അലോട്മെന്റ് കിട്ടുകയും അതനുസരിച്ച് പ്രവേശനം നേടുകയും ചെയ്തവർക്ക് പിന്നീട് മറ്റൊരു ജില്ലയിൽ പുതുതായി അലോട്‌മെന്റ് ലഭിച്ചാൽ അതു സ്വീകരിക്കാം. ഇതോടെ ആദ്യ ജില്ലയിലെ ഓപ്ഷൻ റദ്ദാകും. പിന്നീട്, പുതുതായി പ്രവേശനം നേടിയ ജില്ലയിലെ ഉയർന്ന ഓപ്ഷനുകളിലേക്കേ വിദ്യാർഥിയെ പരിഗണിക്കൂ. അപേക്ഷകരിൽ 93 ശതമാനവും എസ്.എസ്.എൽ.സി ക്കാർ പ്ലസ് വൺ അപേക്ഷകരിൽ 93 ശതമാനവും എസ്.എസ്. എൽ.സി.ക്കാരാണ്. ആകെ ലഭിച്ച 4,65,960 അപേക്ഷകളിൽ 4,32,428 പേരും എസ്.എസ്.എൽ.സി കഴിഞ്ഞവർ. സി.ബി.എസ്.ഇ -23,669, ഐ.സി. എസ്.ഇ - 2,461 എന്നിങ്ങനെയാണ് എണ്ണം.സി.ബി.എസ്.ഇ. സിലബസിൽ പത്താംതരം പഠിച്ച 23,825 പേരാണ് കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ചേർന്നത്. ഐ.സി.എസ്.ഇ സിലബസിൽനിന്നുള്ള 2,429 പേരും.