തിരുവനന്തപുരം :- ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്നും ഡ്രൈവിങ് സ്കൂളുകാരുടെ സഹായികളെ പൂർണമായും ഒഴിവാക്കും. അംഗീകൃത പരിശീലകർ പഠിതാക്കളുമായി നേരിട്ടെത്തുകയും രജിസ്‌റ്ററിൽ ഒപ്പിടുകയും വേണം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ നിർദേശങ്ങൾ ഉടൻ ഇറങ്ങും. ടെസ്റ്റിങ് ഗ്രൗണ്ടിൽ അപേക്ഷകർക്കും ഉദ്യോഗസ്ഥർക്കും മാത്രമാകും പ്രവേശനം. ഇരുചക്രവാഹനം സ്റ്റാർട്ടാക്കി പഠിതാക്കളെ അതിൽ ഗ്രൗണ്ടിലേക്ക് ഉന്തിവിടുന്ന രീതി ഇനി നടക്കില്ല.
ലൈസൻസ് എടുക്കേണ്ട വ്യക്തി വാഹനം സ്റ്റാർട്ടാക്കി ഗ്രൗണ്ടിലേക്ക് കയറ്റണം. നിലവിൽ ഡ്രൈവിങ് സ്കൂളുകാരുടെ സഹായികളാണ് എച്ച്, എട്ട് ഗ്രൗണ്ടുകളിലേക്ക് കയറാൻ പാകത്തിൽ വാഹനം നിർത്തിക്കൊടുക്കുന്നത്. അനുയോജ്യമായ വാഹനങ്ങൾ ഡ്രൈവിങ് സ്‌കൂളുകാരാണ് തിരഞ്ഞെടുക്കുന്നത്. ടെസ്റ്റിങ് വാഹനങ്ങളിലേക്ക് ഇരട്ട നിരീക്ഷണ ക്യാമറകൾ വാങ്ങാനും സമിതി രൂപവത്കരിക്കാനും ട്രാൻസ്പോർട്ട് കമ്മിഷണർ വിളിച്ച യോഗത്തിൽ തീരുമാനമായി.