തിരുവനന്തപുരം :- പത്തനംതിട്ട, കോട്ടയം, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും പ്ലസ് വണിന് മാർജിനൽ സീറ്റ് വർധന അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022-23 ൽ താൽക്കാലികമായി അനുവദിച്ച 77 ഹയർ സെക്കൻഡറി ബാച്ചുകളും മാറ്റിനൽകിയ 4 ബാച്ചുകളും കഴിഞ്ഞവർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും തുടരും. 19.22 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതിനാൽ ധനവകുപ്പിൻ്റെ അനുമതിക്കു വിധേയമായിട്ടാകും മാറ്റം നടപ്പാക്കുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ 30% മാർജിനൽ സീറ്റ് വർധനയും എല്ലാ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20% മാർജിനൽ സീറ്റ് വർധനയും അനുവദിക്കും. ഇതിനു പുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10% വർധന കൂടി അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20% ആണു മാർജിനൽ സീറ്റ് വർധന.