കണ്ണൂർ :- കണ്ണൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള 2024 ലെ സി.കെ ശേഖരൻ മാസ്റ്റർ പുരസ്കാരത്തിന് കുറ്റ്യാട്ടൂർ വേശാല നവപ്രഭാ വായനശാല & ഗ്രന്ഥാലയം പ്രവർത്തകനും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും ദീർഘകാലമായി രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിറസാന്നിദ്ധ്യവുമായ ഇ.പി.ആർ വേശാല അർഹനായി. ശേഖരൻ മാസ്റ്ററുടെ ചരമവാർഷിക ദിനമായ മെയ് 25 ന് വൈകുന്നേരം 5 മണിക്ക് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കുന്ന ചടങ്ങിൽ ടി.ഐ മധുസൂദനൻ എം.എൽ.എ പുരസ്കാരദാനം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ അധ്യക്ഷനാകും.
അധ്യാപക അവാർഡ് ജേതാവും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സാരഥിയുമായിരുന്ന സി.കെ ശേഖരൻ മാസ്റ്ററുടെ പേരിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുഖേന 2013 മുതൽ നൽകി വരുന്നതാണ് പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ചേർന്ന പുരസ്കാരം. അവാർഡിനർഹനായ ഇ.പി.ആർ വേശാല അറുപത് വർഷത്തോളമായി ഗ്രന്ഥശാലാ പ്രവർത്തന രംഗത്തുണ്ട്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം ദാമോദരൻ യു. രാജേഷ് എന്നിവരടങ്ങിയ പുരസ്കാര സമിതിയാണ് പുരസ്കാരം നിർണയിച്ചത്.