മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റാസൽഖൈമയിലേക്കും ദമാമിലേക്കും എയർ ഇന്ത്യ എക്സ‌്പ്രസ് സർവീസ് തുടങ്ങി. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് റാസൽഖൈമ സർവീസുകൾ. ദമാമിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും. ബുധനാഴ്ചയാണ് റാസൽഖൈമയിലേക്ക് സർവീസ് തുടങ്ങിയത്. വൈകീട്ട് 6.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45-ന് റാസൽ ഖൈമയിലെത്തും. തിരികെ പ്രാദേശിക സമയം 9.45-ന് പുറപ്പെട്ട് പുലർച്ചെ 3.10-ന് കണ്ണൂരിലെത്തും. ആദ്യവിമാനത്തിലെ യാത്രക്കാരെ കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ ബോർഡിങ് പാസ് നൽകി സ്വീകരിച്ചു. 186 യാത്രക്കാരുണ്ടായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് ദമാമിലേക്ക് സർവീസ് തുടങ്ങിയത്. പുലർച്ചെ 5.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.30-ന് ദമാമിലെത്തും. തിരികെ പ്രാദേശിക സമയം 8.30-ന് പുറപ്പെട്ട് വൈകീട്ട് 3.45-ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സമയക്രമം. ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് പുതിയ സർവീസുകൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് അധികസർവീസും തുടങ്ങി. 18 മുതൽ ഇൻഡിഗോയും അബുദാബിയിലേക്ക് പ്രതിദിന സർവീസ് തുടങ്ങും.