പത്തനംതിട്ട :- ആറുവർഷം മുമ്പ് നിരോധിച്ച പമ്പയിലെ പാർക്കിങ് അടുത്തമാസം പുനഃസ്ഥാപിക്കും. ആദ്യഘട്ടത്തിൽ ഹിൽടോപ്പ്, ചക്കുപാലം-2 എന്നിവിടങ്ങളിലായി 1500 ചെറുവണ്ടികൾക്ക് ഇടമൊരുങ്ങും. രണ്ടിടത്തെ നിരോധനം ഹൈക്കോടതി പിൻവലിച്ചതിലൂടെയാണിത്. മിഥുനമാസ പൂജയ്ക്ക് നട തുറക്കുന്ന ജൂൺ 14 മുതൽ പ്രാബല്യത്തിൽവരും.
ഏഴു സീറ്റുവരെയുള്ള വാഹനങ്ങളെയാണ് അനുവദിക്കുക എന്നാണ് വിവരം. 2018-ലെ പ്രളയത്തിന് ശേഷമാണ് പാരിസ്ഥിതിക ഭീഷണി എന്ന വിഷയത്തെത്തുടർന്ന് പാർക്കിങ് പൂർണമായും ഹൈക്കോടതി നിരോധിച്ചത്. 14 സീറ്റ്വരെയുള്ള വാഹനങ്ങൾക്ക് പമ്പയിൽ ആളെ ഇറക്കി നിലയ്ക്കലെത്തി പാർക്ക് ചെയ്യണമായിരുന്നു.