ദുബായ് : ഷാർജയിൽ അടച്ചിട്ട കാറിൽ ഏഴുവയസുകാരനായ ബംഗ്ലാദേശി ബാലൻ ശ്വാസം മുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാവ് തൻ്റെ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ഒരു വനിതാ ഡ്രൈവർക്ക് കരാർ നൽകിയിരുന്നതായി കണ്ടെത്തി. സ്കൂളിൽ എത്തിയപ്പോൾ ഈ കുട്ടി ഒഴികെ ബാക്കി എല്ലാവരും കാറിൽ നിന്ന് ഇറങ്ങി. ഡ്രൈവർ വാഹനം സ്‌കൂളിന് സമീപം പാർക്ക് ചെയ്‌ത് അകത്ത് ആരും ഇല്ല എന്നുറപ്പാകാതെ പൂട്ടുകയായിരുന്നു. സ്‌കൂൾ സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ കുട്ടിയെ കണ്ടത്. തുടർന്ന് വൈകിട്ട് നാലരയോടെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും രക്ഷിക്കാനായില്ല.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നിർത്തിയിട്ട വാഹനങ്ങളിൽ പ്രത്യേകിച്ച് വേനൽക്കാലത്ത് കുട്ടികളെ മറന്നുവെച്ച് പോകുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പ് പോലീസ് ഇടയ്ക്കിടെ നൽകാറുണ്ടെങ്കിലും വീണ്ടും ഇത്തരം വാർത്തകൾ കേൾക്കേണ്ടി വരുന്നത് ഖേദകരമാണ്.