കണ്ണൂർ :- മദ്യപാനം വഴി ലോകത്ത് ഒരു വർഷം 26 ലക്ഷത്തിലധികം പേർ മരിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. പറയുന്നു. ആകെ മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതിൽ 20 ലക്ഷവും പുരുഷൻമാരാണ്. മറ്റ് ലഹരിമരുന്നുകൾ ആറുലക്ഷം പേരുടെ മരണത്തിനു നിമിത്തമാകുന്നു. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും സംബന്ധിച്ച ഡബ്ല്യു.എച്ച്.ഒ പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മദ്യപാനംമൂലം മരിച്ചവരിൽ 13 ശതമാനം 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യു.എച്ച്.ഒ യുടെ ഈ കണക്ക്. 8.5 ലിറ്ററാണ് കേരളത്തിലെ ആളോഹരി മദ്യ ഉപയോഗം. മദ്യപിക്കുന്നവരെ മാത്രം കണക്കിൽപ്പെടുത്തിയാൽ ആളോഹരി ഉപഭോഗം കുത്തനെ കൂടും.
മലയാളികൾ 18 വയസ്സിൽ മദ്യപാനം തുടങ്ങുന്നുവെന്നായിരുന്നു 1986-ലെ കണ്ടെത്തൽ. എന്നാൽ 2023 ആയപ്പോൾ അത് 13 വയസ്സായിക്കുറഞ്ഞു എന്നത് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ലോകത്ത് മദ്യാസക്തിയുമായി ജീവിക്കുന്ന 40 കോടിയാളുകൾ ഉണ്ടന്നും ഇതിൽ 21 കോടിയാളുകൾ മദ്യത്തിന് അടിമകളാണെന്നും കണക്കുകൾ പറയുന്നു. വിവിധ ജീവിതശൈലീരോഗങ്ങൾക്ക് അമിതമദ്യപാനം വഴിവെക്കുന്നു. ഒപ്പം മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്കും. ആത്മഹത്യയ്ക്കുള്ള കാരണമായും മദ്യപാനം മാറുന്നു. ലോകത്താകമാനം മദ്യപാനം മൂലമുണ്ടായ മരണങ്ങളിൽ 16 ലക്ഷവും പകർച്ച ഇതരരോഗങ്ങൾ വഴിയാണ് സംഭവിച്ചത്. 4.74 ലക്ഷം പേരുടെ മരണത്തിനു കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം മൂലമുള്ള അർബുദം 4.01 ലക്ഷം ജീവനെടുത്തു.