കണ്ണൂർ :- വരൾച്ചയും കനത്തമഴയും കാരണം ജില്ലയിൽ 85 ദിവസത്തിനുള്ളിൽ 25 കോടിയുടെ കൃഷിനാശം. കാലാവസ്ഥ ചതിച്ചപ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് മലയോര മേഖലയിലെ കർഷകരാണ്. ജില്ലയിലെ 62 കൃഷിഭവൻ പരിധികളിലായി 540 ഹെക്ടർ കൃഷി നശിച്ചു. കൃഷിനാശം നേരിട്ട 150 കർഷർക്ക് കൃഷി വകു പ്പ് 20.5 കോടിരൂപ നൽകാനുണ്ട്. 39.5 ലക്ഷം രൂപ ഇൻഷുറൻസ് ഇനത്തിലും കർഷകർക്ക് ലഭിക്കാനുണ്ട്.
വാഴക്കൃഷിയാണ് കൂടുതൽ നശിച്ചത്. നെല്ല്, റബ്ബർ, കവുങ്ങ്, ജാതിക്ക, കുരുമുളക് തുടങ്ങിയവയുടെ കൃഷിയെ പ്രതികൂല കാലാവസ്ഥ ബാധിച്ചു. ശക്തമായ വരൾച്ചയിലും കൃഷിനാശത്തിലും പൊറുതി മുട്ടുമ്പോഴാണ് പൊടുന്നനെ വേനൽ മഴ എത്തിയത്. ഒരുഭാഗത്ത് മഴ ആശ്വാസമായപ്പോൾ മറുഭാഗത്ത് ദുരിതവും നഷ്ടവുമായി. വരൾച്ചയിലും മഴയിലും നഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.