തിരുവനന്തപുരം :- മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊട്ടിയൂരിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. മേയ്, ജൂൺ മാസങ്ങളിലായി 28 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവം വിജ്ഞാപനം ചെയ്ത ഉത്സവമാക്കുന്നത് പരിഗണനയിലാണ്. സണ്ണി ജോസഫിന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മലബാർ ദേവസ്വത്തിനു കീഴിലുള്ള പ്രധാന ക്ഷേത്രമായ കൊട്ടിയൂരിൽ വൈശാഖമഹോത്സവത്തിന് ഏകദേശം 35 ലക്ഷത്തിലധികം ഭക്തർ എത്തുന്നുണ്ട്. ഭക്തർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ അവിടെയില്ല. ദേവസ്വം ഗസ്റ്റ് ഹൗസിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. 10 മുറികളുള്ള ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിർമാണത്തിന് 34 ലക്ഷം രൂപയും ക്യൂ കോംപ്ലക്സിനും ബാരിക്കേഡിനും 17 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഉത്സവത്തിനുശേഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.