കണ്ണൂർ :- മാലിന്യം തരംതിരിക്കാതെ സൂക്ഷിച്ചതിനും അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും കണ്ണൂർ എസ്എൻ പാർക്കിന് സമീപത്തെ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. ഭക്ഷണ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ മറ്റ് മാലിന്യങ്ങളുമായി ചേർത്ത് സ്വകാര്യ ഏജൻസിക്ക് നൽകുന്നതിനായി സൂക്ഷിച്ച രീതിയിലാണ് ജില്ലാ എൻഫോഴ്സ്മെൻ്റ സ്ക്വാഡ് കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന കവറുകളിൽ നിന്നും പുഴുക്കൾ പുറത്തേക്കിറങ്ങി വന്ന രീതിയിൽ ആയിരുന്നു മാലിന്യം സൂക്ഷിച്ചിരുന്നത്.
ആശുപത്രിയുടെ പിറകുവശത്ത് ഉപയോഗശൂന്യമായ ഫ്ളക്സ് ബോർഡുകൾ, ടയർ, തെർമോകോൾ എന്നിവ വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു. മാലിന്യങ്ങൾ തരംതിരിക്കാതെ വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ചതിനും മാലിന്യം വലിച്ചെറിഞ്ഞതിനും മുൻസിപ്പൽ ആക്ട് അനുസരിച്ച് പതിനായിരം രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരീകുൽ അൻസാർ എന്നിവർ പങ്കെടുത്തു.