തിരുവനന്തപുരം :- പി.ടി.എ ഫണ്ടെന്നപേരിൽ സ്കൂളുകൾ വലിയ തുക പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾഭരണസമിതിയായി പി.ടി.എയെ കാണേണ്ടതില്ല. വിദ്യാർഥികളിൽനിന്ന് നിർബന്ധപൂർവം വൻപിരിവ് പാടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രവേശനസമയത്തും മറ്റും ശേഖരിക്കുന്ന പി.ടി.എ അംഗത്വതുക മുഴുവനായും പി.ടി.എ അക്കൗണ്ടിൽ നിക്ഷേപിക്കണം. അംഗത്വ ഫീസ് എൽ.പി വിഭാഗത്തിന് 10 രൂപയും യു.പി ക്ക് 25 രൂപയും ഹൈസ്‌കൂളിന് 50 രൂപയും ഹയർസെക്കൻഡറി വിഭാഗത്തിന് 100 രൂപയുമാണ്. പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾ, സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പി.ടി.എ അംഗത്വഫീസ് നിർബന്ധമല്ലെന്നും മാനദണ്ഡത്തിൽ പറയുന്നു.