മയ്യിൽ :- ആഫ്രിക്കൻ ഒച്ച് ശല്യം കൊണ്ട് പൊറുതിമുട്ടി മയ്യിൽ ചെക്ക്യാട്ടുകാവിലെ കുടുംബം. 'സർവോദയ'യിൽ അഡ്വ : മനോജ് കുമാർ കെ.വിയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഫ്രിക്കൻ ഒച്ച് ക്രമാതീതമായി വർദ്ധിച്ചു വരുന്നത്. ഒച്ചിന്റെ ശല്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാർഷിക വിളകളുടെ നാശത്തിനും ഇടയാക്കുന്ന ഒച്ചിൻ്റെ ശല്ല്യം നിവാരണം ചെയ്യുന്നതിന് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് കുമാർ 2024 ജനവരി മാസത്തിലും 2024 ജൂൺ മാസത്തിലും ജില്ലാ കലക്ടർ, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ലെന്ന് മനോജിന്റെ പരാതിയിലുണ്ട്. പരാതികൾ ബോധിപ്പിച്ചിരുന്നു. എന്നാൽ ആഫ്രിക്കൻ ഒച്ചിൻ്റെ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള യാതൊരു നടപടികളും എതിർകക്ഷികൾ സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
ആഫ്രിക്കൻ ഒച്ചിന്റെ ശല്യംമൂലം മനോജിന്റെ വീട്ടുപറമ്പത്തെ കാർഷിക വിളകൾക്ക് നാശനഷ്‌ടം വരുത്തുകയും ചെയ്യുന്നുണ്ട്. ക്രമാതീതമായ വർദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കുന്ന ആഫ്രിക്കൻ ഒച്ച് പറമ്പിലും ഇടവഴികളിലുമെല്ലാം തിങ്ങിനിറഞ്ഞ് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോൾ അവ മനോജിന്റെ വീട്ടിലേക്കും വ്യാപിച്ചിരിക്കുകയാണ്.
മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം വില്ലേജിലും മറ്റ് പരിസരപ്രദേശങ്ങളിലും ഉള്ള ആഫ്രിക്കൻ ഒച്ചിൻ്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകണമെന്നും ഒച്ചിന്റെ ശല്യം മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ നിർദ്ദേശിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിലുണ്ട്. ആയതിനാൽ പ്രസ്തുത പ്രദേശം മുഴുവൻ ആഫ്രിക്കൻ ഒച്ചുകൾ ക്രമാതിതമായി പെരുകി വരികയാണ്.