കണ്ണൂർ :- മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് കലക്ടർ അരുൺ കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. നിരോധനം വക വെക്കാതെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പോകുന്നതും അപ കടകരമാണ്. അതിനാൽ ഇക്കാര്യങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈദ്യുത കമ്പികൾ പൊട്ടി വീഴുന്ന സാഹചര്യങ്ങളിൽ കെഎസ്ഇബിയിൽ വിവരം അറിയിക്കുന്നതിനൊപ്പം വൈദ്യുത കമ്പികളിൽ തൊടാതിരിക്കാനുള്ള ശ്രദ്ധ ഉണ്ടാകണം. എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് കലക്ടർ നിർദേശം നൽകി. ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.