ദില്ലി :- രാജ്യത്ത് മില്ലറ്റ് (ചെറുധാന്യങ്ങൾ) കയറ്റുമതിയിൽ ഇടിവ്. കഴിഞ്ഞ സാമ്പത്തിക വർഷം 1.46 ലക്ഷം ടൺ മില്ലറ്റാണ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത്. കയറ്റുമതി വരുമാനം 587.73 കോടി രൂപയാണ്. എന്നാൽ, 2022-23 സാമ്പത്തിക വർഷം കയറ്റുമതി 1.69 ലക്ഷം ടണ്ണും കയറ്റുമതി വരുമാനം 608.11 കോടി രൂപയുമായിരുന്നു. ഉത്പാദനത്തിലുണ്ടായ ഇടിവാണ് കയറ്റുമതിയെയും ബാധിച്ചത്. റാഗി, തിന, വരക്, പനിവരക്, ചാമ, മണിച്ചോളം, ബജ്റ തുടങ്ങിയവയാണ് പ്രധാന മില്ലറ്റുകൾ. മില്ലറ്റ് മൂല്യവർധിത ഉത്പന്നങ്ങൾക്കും ആഭ്യന്തര-വിദേശ വിപണിയിൽ ആവശ്യക്കാരുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചിരുന്നു. അതേ സമയം, വരും വർഷങ്ങളിലും മില്ലറ്റ് ഉത്പാദനം ഉയരുമെന്നാണ് വിപണി വിലയിരുത്തൽ. മില്ലറ്റിൻ്റെ ഗുണമേന്മ മുന്നിൽ കണ്ട് വിദേശരാജ്യങ്ങൾ പലതും ഇന്ത്യയിൽനിന്ന് മില്ലറ്റ് ഉത്പന്നങ്ങൾ വാങ്ങിയിരുന്നു. വിവിധ കമ്പനികൾ മില്ലറ്റുകളിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ വരെ വിപണിയിൽ എത്തിച്ചിരുന്നു.
മില്ലറ്റ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. പ്രതിവർഷം ഏതാണ്ട് 1.09 കോടി ടണ്ണാണ് ഇന്ത്യയുടെ മില്ലറ്റ് ഉത്പാദനം. നൈജീരിയ, നൈജർ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിച്ചിരുന്നു. രാജസ്ഥാനാണ് മില്ലറ്റ് ഉത്പാദനത്തിൽ മുന്നിലുള്ള സംസ്ഥാനം. രാജ്യത്തെ മൊത്തം മില്ലറ്റ് ഉത്പാദനത്തിൽ 32 ശതമാനം രാജസ്ഥാന്റെ സംഭാവനയാണ്. ഉത്തർപ്രദേശ് (18 ശതമാനം), കർണാടക (11 ശതമാനം), മഹാരാഷ്ട്ര (11 ശതമാനം) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.