തിരുവനന്തപുരം :- ജോലി സമ്മർദം മൂലമുള്ള പോലീസ് ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ ആൾബലം കൂട്ടി സേനയെ നവീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംസ്ഥാന പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ചു കമ്മിഷൻ ആക്ടിങ് ചെയർമാൻ കെ.ബൈജുനാഥ് നിർദേശം നൽകി.
സേനയിലെ അംഗബലം കുറവായതിനാൽ പൊലീസുകാർക്കു വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മർദം കൂടുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി. ഇതു പൊലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. സ്വയം വിരമിക്കാൻ അപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. പല പൊലീസ് സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാൽ ക്രമസമാധാനപാലനം കൃത്യമായി നടക്കുന്നില്ലെന്നു വ്യാപക പരാതിയുണ്ട്. വിഐപി ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥർ പോകുമ്പോൾ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങൾ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.