ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു


കണ്ണൂർ :- ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയിലേറെയായി. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 25 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തതെങ്കിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 90 കേസുകളാണ്. ഈ വർഷം ഡെങ്കിപ്പനി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് 885 പേർ ആശുപ്രതിയിൽ എത്തിയെങ്കിൽ കഴിഞ്ഞവർഷം ഇത് 130 ആയിരുന്നു. അതേസമയം മറ്റു പനിബാധിതരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ 28 ദിവസത്തിനിടെ പനി ബാധിച്ചു ചികിത്സ തേടിയത് 15,092 പേരാണ്. ജൂൺ 18 നാണ് ഏറ്റവും കൂടുതൽ പേർ പനി ബാധിച്ചു ചികിത്സ തേടിയത്. 797 പേർ. ജൂൺ രണ്ടിനാണ് ഏറ്റവും കുറവു പേർക്കു പനി റിപ്പോർട്ട് ചെയ്തത്. 146 പേർ. പനി ബാധിച്ചവരിൽ 198 പേർക്കു കിടത്തിച്ചികിത്സ വേണ്ടിവന്നു. കഴിഞ്ഞവർഷം ഇക്കാലയളവിൽ പനിക്കു ചികിത്സ തേടിയത് 19,947 പേരാണ്.

 ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. 5 മുതൽ 8 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണിക്കും. കടുത്ത തലവേദന, ബോധക്ഷയം, കണ്ണുകൾക്കു പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദിയും ഒക്കാനാവും, വയറുവേദന, കറുത്ത നിറത്തിൽ മലം പോകുക, ശ്വാസ തടസ്സം, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്‌തസ്രാവം, തൊണ്ടവരളുക, അമിതമായ ദാഹം എന്നിവയാണു ലക്ഷണങ്ങൾ. അതിതീവ്ര പനി (104 ഡിഗ്രി വരെ) ഉണ്ടാകും. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. രോഗിക്ക് മതിയായ വിശ്രമം നൽകാൻ ശ്രദ്ധിക്കണം.

Previous Post Next Post