തിരുവനന്തപുരം :- കനത്തമഴയെത്തുടർന്ന് വടക്കൻ കേരളത്തിലുണ്ടായ വൈദ്യുതിത്തടസ്സങ്ങൾ പരിഹരിക്കാൻ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി ഡയറക്ടർമാരായ പി.സുരേന്ദ്ര (കാസർഗോഡ്, കണ്ണൂർ), ജി.സജീവ് (കോഴിക്കോട്), സജി പൗലോസ് (മലപ്പുറം) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
വടക്കൻ ജില്ലകളിൽ ഒരാഴ്ചയായിപ്പെയ്യുന്ന മഴയിലും കാറ്റിലും വൈദ്യുതിവിതരണ സംവിധാനങ്ങൾക്ക് വൻനാശനഷ്ടമാണുണ്ടായത്. കണ്ണൂർ, ശ്രീകണ്ഠപുരം, കാസർകോട്, പാലക്കാട്, ഷൊർണൂർ, കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളിലായി 1700 ഹൈടെൻഷൻ പോസ്റ്റുകളും 11,000 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. ഹൈടെൻഷൻ വൈദ്യുതക്കമ്പികൾ 1117 സ്ഥലങ്ങളിലും ലോടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു. തകർന്ന ട്രാൻസ്ഫോർമറുകളും വൈദ്യുതത്തൂണുകളും ലൈനുകളും യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ വടക്കൻ ജില്ലകളിലേക്ക് തെക്കൻ ജില്ലകളിലെ സെക്‌ഷൻ ഓഫീസുകളിലെ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.