കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ തെരുവ്നായ ശല്യം രൂക്ഷമായി തുടരുന്നു. ആളുകളെ ആക്രമിക്കുന്നതിനു പുറമെ വീട്ടിൽ വളർത്തിയിരുന്ന 25 ഓളം കോഴികുഞ്ഞുങ്ങളെയാണ് തെരുവ്നായ്ക്കൾ കൊന്നുതിന്നത്. കൊളച്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽ കോടിപ്പോയിൽ മുബാറക് റോഡിലെ പുതിയപുരയിൽ ബാലന്റെ വീട്ടിലെ മുട്ട ഇടുന്ന 21 കോഴികൾ ഉൾപ്പെടെ 25 കോഴികളെയാണ് കൂട്ടമായെത്തിയ തെരുവ് നായകൾ കൊന്നത്.
വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. കോഴിക്കൂട് പൊളിച്ച് തെരുവ്നായ്ക്കൾ അകത്തു കടക്കുകയായിരുന്നു. ഇന്നും പുലർച്ചെ തെരുവ് നായകൾ സ്ഥലത്തെത്തിയിരുന്നു. കുട്ടികൾ ഉൾപ്പടെ വീട്ടിൽ ഉള്ള സാഹചര്യത്തിൽ പുറത്ത് ഇറങ്ങാൻ പോലും ഭയപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് വീട്ടുകാർ.