മേഘവിസ്ഫോടനവും കനത്തമഴയും ; കണ്ണീരിൽ കുതിർന്ന് ഉത്തരേന്ത്യയും, 7 സംസ്ഥാനങ്ങളിലായി 32 പേർക്ക് ജീവൻ നഷ്ടമായി


ദില്ലി :- ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 7 സംസ്ഥാനങ്ങളിലായി 32 പേരാണ് 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ മരിച്ചത്. ഉത്തരാഖണ്ഡിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 12 പേരാണ് ഉത്തരാഖണ്ഡിൽ മരിച്ചത്. കേദാർനാഥിലേക്കുള്ള തീർത്ഥാടക പാതയിലടക്കം കുടുങ്ങിയവരെ ഹെലികോപ്റ്ററിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. കേദാർനാഥിലേക്കുള്ള യാത്ര താൽകാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ മൂന്ന് ഇടങ്ങളിലായുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. ഷിംലയിൽ അൻപതിലധികം പേരെ കാണാതായി. മണാലിയിലേക്കുള്ള റോഡ് തകർന്ന് മേഖല ഒറ്റപ്പെട്ടു. കുളുവിൽ നദീതീരത്തെ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. സൈന്യത്തെ അയക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഹെലികോപ്റ്ററുകളടക്കം എത്തിച്ച് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.

ദില്ലിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരിൽ ചെറിയ കുട്ടിയും ഉൾപ്പെടും. നിരവധി പേ‌ർ പരിക്കേറ്റ് ചികിത്സയിലാണ്. ദില്ലിയിലേക്കുള്ള പത്ത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Previous Post Next Post