തിരുവനന്തപുരം :- ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് സമാപനം കുറിച്ചുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്ത് 9ന് നടക്കും. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം പ്രവേശന വെബ്സൈറ്റിലുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാളെ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. അലോട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ നൽകാത്തവർക്കും അപേക്ഷിക്കാം.
ഒഴിവുകൾ അനുസരിച്ച് എത്ര ഓപ്ഷനും ഉൾപ്പെടുത്താം. ഏതെങ്കിലും കോട്ടയിൽ പ്രവേശനം നേടിയവർക്ക് സ്പോട് അഡ്മിഷന് അവസരമില്ല. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാവാതെ പോയവർക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക അനുമതി നേടി സ്പോട് അഡ്മിഷന് അപേക്ഷിക്കാനാകും. പട്ടിക ക്ഷേമ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷനും അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്മെന്റ്റ് അനുസരിച്ച് പുതിയ പ്രവേശനം നേടാനുള്ള അവസരം നാളെ വൈകിട്ട് 4 വരെയാണ്.