മയ്യിൽ :- പ്രധാനമന്ത്രി ഗ്രാമീണ യോജന പദ്ധതി പ്രകാരം എം.പി ഫണ്ടുപയോഗിച്ച് പ്രവൃത്തി തുടങ്ങി ഒന്നരവർഷം കഴിഞ്ഞിട്ടും കാൽനട പോലും സാധ്യമാകാതെ മയ്യിൽ - വള്ളിയോട്ട് - കടൂർമുക്ക് റോഡ്. മയ്യിൽ, സ്റ്റാൻഡ് മുതൽ കടൂർ മുക്ക് വരെയുള്ള 3.600 കിലോമീറ്റർ പ്രവൃത്തിയാണ് വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥയെതുടർന്ന് നിലച്ചത്. റോഡ് പ്രവൃത്തിയുടെ ഭാഗമായി മാറ്റിസ്ഥാപിക്കേണ്ട കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റാനുള്ള അടൽ പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അഞ്ചുമാസത്തിലധികമായി ഇതിനായി നിരവധി തവണ ആവശ്യപ്പട്ടെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ലെന്നാണ് കെ.സുധാകരൻ എം.പി.യുടെ ഓഫീസ് അധികൃതർ പറഞ്ഞത്. നേരത്തേ ഒരു തവണ അടങ്കൽ തയ്യാറാക്കിയെങ്കിലും തുക ഏറെ കൂടുതലായതിനാൽ സമർപ്പിക്കാനായിട്ടില്ല. എന്നാൽ സമാനമായ രീതിയിൽ വൈദ്യുതത്തൂണുകളുമായി ബന്ധപ്പെട്ട് പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തു. അടങ്കൽ ലഭിച്ചാലുടൻ പി.എം.ജി.എസ്.വൈ യിൽ നിന്ന് തുക അനുവദിക്കും. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടുമുപയോഗിച്ചാണ് പ്രവൃത്തി പൂർത്തിയാക്കേണ്ടത്.
നൂതന സാങ്കേതികവിദ്യ മയ്യിൽ- വള്ളിയോട്ട്- കടൂർ മുക്ക് റോഡ് പ്രവൃത്തി അന്താരാഷ്ട്രനിലവാരത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ റോഡിലെ ടാറിങ് കിളച്ചെടുത്ത് റോഡിനടിയിൽ നിക്ഷേപിച്ചുള്ള ഫുൾ ഡെപ്ത് റിക്ളമേഷൻ (എഫ്.ഡി.ആർ) സാങ്കേതിക വിദ്യയിലാണ് റോഡ് പ്രവൃത്തിയാണ് നടത്തുക. റോഡിലെ കലുങ്കുമായി ബന്ധപ്പെട്ട പ്രവൃത്തികളും മാത്രമാണ് അവശേഷിക്കുന്നത്. 3.60 കോടി രൂപയാണ് അനുവദിച്ചത്. പ്രവൃത്തിക്കുള്ള യന്ത്രഭാഗങ്ങൾ തമിഴ്‌നാട്ടിൽ നിന്നെത്തിക്കേണ്ടതുണ്ട്. പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാത്തതാണ് പ്രവൃത്തി നിലക്കാനിടയായതെന്നാണ് എം.പി ഓഫീസിൽ നിന്നറിയിക്കുന്നത്.