കണ്ണൂർ :- തീവണ്ടിയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ട്രെയിനുകൾക്കു നേരേ കല്ലെറിയുന്ന സംഭവങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
തീവണ്ടികൾക്ക് കല്ലെറിയുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. 2022-2023 കാലയളവിൽ തീവണ്ടികൾക്ക് കല്ലെറിഞ്ഞ 39 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ എട്ടുപേർക്ക് പരിക്കേറ്റു. എഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരന്തരം കല്ലെറിയലുണ്ടാകുന്ന പ്രത്യേക മേഖലകൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.