കല്ല്യാശ്ശേരി :- കല്ല്യാശ്ശേരിയിൽ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 3 പേരെ റിമാൻഡ് ചെയ്തു. കല്യാശ്ശേരി സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി കെ.അരുൺബാബു (32), മൊട്ടമ്മലിലെ ടി.ഇ സബിൻ (28), കോലത്തുവയലിലെ പി.റിതിൻ (30) എന്നിവരെയാണ് കണ്ണപുരം പൊലീസ് 27ന് അറസ്റ്റ് ചെയ്തത്.
രണ്ടു പ്രവർത്തകരെ കൂടി ഉടൻ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. ആഗസ്ത് 26ന് രാത്രി ബിജെപി ബൂത്ത് പ്രസിഡന്റ് പി.സി ബാബുവിനെ (40) കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ബൈക്കിലെത്തിയ ഒരു സംഘം ആക്രമിച്ചെന്നാണു പരാതി. ഗുരതരമായി പരുക്കേറ്റ യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്. ബാബുവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരായ 16 പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കീച്ചേരിയിൽ ചൊവ്വ വൈകിട്ട് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചിരുന്നു. കീച്ചേരി, കല്യാശ്ശേരി സെൻട്രൽ, കോലത്തുവയൽ എന്നിവിടങ്ങളിൽ വൻ പോലീസ് സംഘം ക്യാംപ് ചെയ്യുന്നു.