കിണർ നശിച്ചാൽ ആശ്വാസതുക ഇല്ല ; സർക്കാർ ഉത്തരവിൽ ആശങ്കയിലായി ജനങ്ങൾ


കണ്ണൂർ :- പ്രകൃതിക്ഷോഭംമൂലം സ്വകാര്യഭൂമിയിലെ കിണറിനുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നത് തുടരണമെന്ന് ആവശ്യം. കിണറിന് ഉണ്ടാവുന്ന നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നിർദേശിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്ന് 2013ൽ ദുരന്തനിവാരണ വകുപ്പ് ഉത്തര വിറക്കിയിരുന്നു. ഇതു തുടരേണ്ടതില്ലെന്നു കാട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. വീട് അടക്കമുള്ള കെട്ടിടങ്ങളുടെ തകർച്ചയ്ക്ക് മാത്രമാണ് നിലവിൽ നഷ്ടപരിഹാരം അനുവദിക്കുന്നത്. മഴ കനത്താൽ കിണർ ഇടിയുന്ന സംഭവങ്ങൾ ഏറെയായതിനാൽ നഷ്ടപരിഹാരം ജനത്തിന് ഏറെ ആശ്വാസമായിരുന്നു. 

സമീപത്തെ മതിലോ കെട്ടിടങ്ങളോ തകർന്നു വീണും കിണർ തകരുന്ന സംഭവങ്ങളും ഏറെയാണ്. മലയോരത്തു കുന്നിടിഞ്ഞ് കിണർ മൂടിപ്പോകുന്നതും പതിവാണ്. ഉയർന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും കിണർ കുഴിക്കുന്നതിന് ചെലവ് ഭീമമാണ്. ചില സ്‌ഥലങ്ങളിൽ കിണർ കുഴിക്കാൻ 7 ലക്ഷം രൂപയോളം ചെലവുവരും. നഷ്ടപരിഹാരം പുനരാരംഭിക്കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെടുന്നുണ്ട്.

Previous Post Next Post