കണ്ണൂർ :- വ്യക്ക രോഗത്തിന് ചികിത്സയിലുള്ള അധ്യാപിക സമർപ്പിച്ച 11 മെഡിക്കൽ റീ ഇമ്പേഴ്സ്മെമെന്റ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാതെ അധ്യാപിക സമർപ്പിച്ച എല്ലാ അപേക്ഷകളും തീർപ്പാക്കിയതായി കാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊരുത്തകേടുണ്ടെന്ന് കമ്മീഷൻ. പരാതിയും റിപ്പോർട്ടും ഒരിക്കൽ കൂടി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.
കണ്ണൂർ കാമേത്ത് എൽ.പി. സ്കൂളിൽ നിന്നും വിരമിച്ച അധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി. 2016 മുതൽ ചികിത്സയിലുള്ള അധ്യാപികക്ക് ചികിത്സാ സഹായം അനുവദിച്ചിട്ടില്ലെന്നാണ് പരാതി. എന്നാൽ മറ്റൊരു അധ്യാപികക്ക് ഇതേ സമയം ചികിത്സാസഹായം അനുവദിച്ചു. തന്റെ അപേക്ഷകൾ സർക്കാരിലേക്ക് അയക്കാതെ കണ്ണൂർ ഡി.ഡി. ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പരാതി.എന്നാൽ പരാതിക്കാരി 2017 മുതൽ 2021 വരെ സമർപ്പിച്ച 15 അപേക്ഷകളിൽ തുക നൽകിയതായി ഡി.പി.ഐ. അറിയിച്ചു. 2021 മുതൽ 23 വരെയുള്ള ബില്ലുകൾക്ക് അംഗീകാരം നൽകിയെങ്കിലും തുക അനുവദിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.