മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി ടൂറിസം നിക്ഷേപക സംഗമം സെപ്റ്റംബർ 25ന് കണ്ണൂരിൽ


കണ്ണൂർ :- മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായുള്ള ടൂറിസം സർക്യൂട്ടുകൾ രൂപീകരിച്ച് കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പ് പകരുന്നതിന് വേണ്ടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ടൂറിസം നിക്ഷേപക സംഗമം സെപ്റ്റംബർ 25ന് ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലയിലെ ജല ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തി സംരംഭകർക്ക് അവസരം ലഭ്യമാക്കി ടൂറിസം രംഗത്ത് അനുയോജ്യമായ നിക്ഷേപം നടത്താൻ അവസരം നൽകി സംസ്ഥാന ടൂറിസം വകുപ്പ് അഞ്ചു നദികളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികൾ/ ടെർമിനലുകൾ, അനുബന്ധ ടൂറിസം പദ്ധതികൾ, മൂന്ന് സ്പീഡ് ബോട്ടുകൾ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും നിക്ഷേപകർക്ക് അവസരം നൽകുകയും ലക്ഷ്യമിടുന്നു.

പെരുമ്പ (കവ്വായി കായൽ), കുപ്പം, വളപട്ടണം, മാഹി, അഞ്ചരക്കണ്ടി പുഴകൾ കേന്ദ്രീകരിച്ചു അനുയോജ്യമായ തീമുകളിലൂടെ ജല ടൂറിസത്തെ ലോകത്തിനു മുൻപാകെ സമഗ്രമായി അവതരിപ്പിക്കുക എന്നതാണ് ഈ നിക്ഷേപ സംഗമം ലക്ഷ്യം വെക്കുന്നത്. ജില്ലയിലെ അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റർമാർ, ബോട്ട് ഓപ്പറേറ്റർമാർ, ട്രാവൽ ആൻഡ് ടൂറിസം ട്രേഡ് അസോസിയേഷനുകൾ, പുരവഞ്ചികളുടെ ഉടമസ്ഥർ, ടൂറിസം മേഖലയിലെ വിവിധ ഓപ്പറേറ്റർമാർ, സ്റ്റാർട്ട് അപ്പ് കമ്പനികൾ തുടങ്ങിയവർക്കും താൽപര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം. വിവിധ ബോട്ട് ടെർമിനലുകൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകൾ, ചെയ്യാൻ കഴിയുന്ന പദ്ധതികൾ, നിബന്ധനകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരം സംഗമത്തിൽ ലഭിക്കുന്നതാണ്. നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 0497 2706336, 9447524545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Previous Post Next Post