കണ്ണൂർ :- ഓണം സീസണിൽ പപ്പടത്തിന്റെ പഞ്ഞമില്ല. വിപണിയിൽ പപ്പടങ്ങൾ നേരത്തേ തന്നെ സ്ഥാനം പിടിച്ചു. ഇത്തവണ മൂന്നുകോടി രൂപയുടെ പപ്പടമാണ് വില്പനയ്ക്കായി എത്തുന്നത്. സാധാരണ സംസ്ഥാനത്ത് ദിവസം 10,000 കിലോയുടെ പപ്പടമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ഓണസീസണിൽ ഉത്പാദനം മൂന്നിരട്ടിയാണ്. 20 രൂപ മുതൽ 50 രൂപ വരെയു ള്ള പാക്കറ്റുകളാണ് ഓണ വിപണി യിൽ പ്രധാനമായും വിറ്റുപോകു ന്നത്. 20 രൂപയുടെ പാക്കറ്റിൽ 12 എണ്ണമാണ് ഉള്ളത്. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതോടെ വില കൂട്ടാതെ എണ്ണം കുറയ്ക്കുകയാണ് നിർമാതാക്കൾ.
കേരളത്തിലെ വില്പന മുന്നിൽക്കണ്ട് അയൽസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ പപ്പടം കേരള വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കുഞ്ഞൻ പപ്പടങ്ങൾ മുതൽ വലുപ്പമേറിയ പപ്പടങ്ങൾ വരെ വിപണിയിൽ എത്തിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത പപ്പടങ്ങളും വിപണിയിൽ എത്തുന്നുണ്ട് ഇത് തടയാനുള്ള നടപടികൾ ആവിഷ്കരിച്ചിരിക്കുകയാണ് പപ്പട നിർമ്മാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്‌ചറേഴ്സ് അസോസിയേഷൻ (കെപ്മ). ഇതിനോടകം പപ്പടങ്ങളുടെ പാക്കറ്റിൽ അസോസിയേഷന്റെ മുദ്ര കൊണ്ടുവന്നിട്ടുണ്ട്.
ഉഴുന്ന്, ഉപ്പ്, പപ്പടക്കാരം, വെള്ളം എന്നിവ ചേർത്തുള്ള പപ്പടങ്ങളാണ് മുദ്രയുമായി എത്തുന്നത്. ഉഴുന്ന് വില ഉയർന്നതോടെ 50 ശതമാനം മൈദ ചേർത്തുള്ള പപ്പടങ്ങൾ വിപണിയിൽ സുലഭമായിട്ടുണ്ട്. ഇത് തടയുകയാണ് ലക്ഷ്യം. നിലവിൽ 300 പേരാണ് അസോസിയേഷൻ മുദ്രയുള്ള പപ്പടം വിപണിയിൽ എത്തിക്കുന്നത്. 400 നിർമാതാക്കളെ കൂടി ഇതിൻ്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പപ്പടത്തിന്റെ ഗുണനിലവാരം അറിയാൻ ഡിസംബറോടെ മൊബൈൽ ആപ്പ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷൻ.