ഓണത്തെ വരവേൽക്കാൻ വീട്ടുമുറ്റത്ത് ചെണ്ടുമല്ലിപ്പാടമൊരുക്കി കണ്ണാടിപ്പറമ്പിലെ ദിലീപ്


കണ്ണാടിപ്പറമ്പ് :- വീട്ടുമുറ്റത്ത് ചെണ്ടുമല്ലിത്തോട്ടമൊരുക്കി കണ്ണാടിപ്പറമ്പ് മാതോടത്തെ വാണിയം പറമ്പത്ത് വീട്ടിൽ ദിലീപ്. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂകളാണ് ഇതുവഴി കടന്നുപോകുന്നവരുടെ ഇപ്പോഴത്തെ ആകർഷണം. ഓണത്തിന്  ഒരു കൊട്ടപ്പൂവ് പദ്ധതിയിലൂടെയാണ് ആദ്യ പരീക്ഷണം എന്ന നിലയിൽ ദിലീപ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ആയിരത്തിലധികം ചെണ്ടുമല്ലി ചെടികളാണ്  ഇവിടെ വിടർന്നുനിൽക്കുന്നത്. നാറാത്ത് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ മാതോടത്ത് പരീക്ഷണാടിസ്ഥാ നത്തിൽ നാറാത്ത് കൃഷിഭവന്റെ പിന്തുണയോടെ ഇറക്കിയ കൃഷിക്ക് ആദ്യ വർഷം തന്നെ ഇരട്ടി വിളവാണ് ലഭിച്ചത്. വീട്ടുമുറ്റം കേന്ദ്രീകരിച്ചു തന്നെ പൂക്കളുടെ വിപണിയും ഒരുക്കാനാണ് ദിലീപിന്റെ തീരുമാനം.

ദിലീപിന്റേതടക്കം നാറാത്ത് കൃഷിഭവന്റെ പത്തോളം കൂട്ടായ്മകളാണ് പ്രദേശത്ത് പൂ കൃഷി ഇറക്കിയത്. മികച്ച ഫലം കണ്ടതോടെ വരും വർഷങ്ങളിലും കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിക്കാനുള്ള തീരുമാനത്തിലാണ് കൃഷിഭവൻ. . ചെടികൾകൾക്കുണ്ടാകുന്ന വാട്ട രോഗമൊഴിച്ചാൽ പൂ കൃഷി എളുപ്പവും ലാഭകരവുമാണെന്നാണ് ദിലീപിന്റെ അഭിപ്രായം. പെയിന്റിംഗ് കോൺട്രാക്ടറായ ദിലീപ് ഒഴിവു ദിവസങ്ങളിലും രാവിലെയും വൈകുന്നേരമാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്. അബിയു, റൊളിനീയ, ജബോട്ടികബ, കസ്റ്റാൾഡ് ആപ്പിൾ, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്സ് എന്നിവയും വൈവിധ്യമാർന്ന പച്ചക്കറി കിഴങ്ങുവർഗ്ഗ തോട്ടവും ദിലീപിന്റെ വീട്ടുപറമ്പിലുണ്ട്. ഭാര്യ ഷൈജയും മക്കൾ ദേവികയും ആൽവിയയുമാണ് കൃഷിയിൽ ദിലീപിന്റെ സഹായികൾ.

Previous Post Next Post