ശബരിമല :- ഓണം, കന്നിമാസ പൂജകൾ എന്നിവയ്ക്കായി ശബരിമല നട വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. അന്നുതന്നെ സന്നിധാനത്ത് ഓണസദ്യക്കുള്ള വിഭവങ്ങളുടെ ഒരുക്കം തുടങ്ങും. അന്നദാനപ്രഭുവായ അയ്യപ്പന്റെ സന്നിധിയിൽ ഭക്തർക്ക് വിഭവസമൃദ്ധമായ സദ്യ നൽകുന്ന പൂജാകാലം കൂടിയാണിത്.
ഉത്രാടദിനമായ ശനിയാഴ്ച മേൽശാന്തിയുടെ വകയാണ് സദ്യ. തിരുവോണത്തിന് ദേവസ്വം ഉദ്യോഗസ്ഥരും പിറ്റേന്ന് പോലീസുകാരുമാണ് സദ്യ നൽകുന്നത്. മൂന്നുദിവസവും ഉച്ചയ്ക്ക് സന്നിധാനത്തുള്ള മുഴുവൻ ഭക്തർക്കും ഇലയിട്ട് വിഭവങ്ങൾ വിളമ്പും. സെപ്റ്റംബർ 17-നാണ് കന്നി ഒന്ന്. തുടർന്ന് നാലുനാൾ കൂടി ദർശന സൗകര്യമുണ്ട്. 14 മുതൽ നടതുറന്നിരിക്കുന്ന എല്ലാദിവസവും നെയ്യഭിഷേകം നടത്താം. പടിപൂജ, സഹസ്രകലശം, കളഭാഭിഷേകം, ലക്ഷാർച്ചന, പുഷ്പാഭിഷേകം എന്നിവയും നടക്കും. 21-ന് രാത്രി നട അടയ്ക്കും.