തെരുവ് വിളക്കുകളുടെ അറ്റക്കുറ്റപണികൾക്ക് പ്രത്യേകകൂലി ആവശ്യപ്പെട്ട് കരാറുകാരൻ ; നഗരസഭ നൽകിയത് നാലര ലക്ഷത്തോളം രൂപ


കാസർഗോഡ് :- തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് കാരറെടുത്തയാൾ പോസ്റ്റിൽ കയറാൻ പ്രത്യേക കൂലി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കാസർകോട് നഗരസഭ കരാറുകാരന് നൽകിയത് നാലര ലക്ഷത്തോളം രൂപ. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2022- 23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ പരാമർശം. കേടായ ബൾബുകളും മറ്റും മാറ്റുന്നതിന് പോസ്‌റ്റിൽ കയറുകയെന്നതും തെരുവുവിളക്ക് അറ്റകുറ്റപ്പണിയുടെ ഭാഗമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഷോർട് സർക്യൂട്ട് കാരണം ഇടയ്ക്കിടയ്ക്ക് പോസ്‌റ്റിൽ കയറേണ്ടി വരുന്നുവെന്നും അതിനാൽ കൂടുതൽ പണിക്കൂലി അനുവദിക്കണമെന്നുമാണ് കരാറുകാരൻ ആവശ്യപ്പെട്ടത്.

പോസ്റ്റ് ഒന്നിന് 185.47 രൂപ നിരക്കിൽ 4,44,366 രൂപ നഗരസഭ ലേബർ ചാർജായി നൽകുകയും ചെയ്തു. ഓരോ വാർഡിലും എത്ര തെരുവുവിളക്കുകൾ നന്നാക്കണമെന്ന് കൗൺസിലർ നഗരസഭയെ അറിയിച്ച്, അതിന്റെ അടിസ്‌ഥാനത്തിൽ നഗരസഭയിൽ നിന്ന് കരാറുകാരെ അറിയിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. എന്നാൽ കാസർകോട് നഗരസഭയിൽ കരാറുകാർ പ്രവൃത്തി നടത്തിയതിന് ശേഷം കൗൺസിലർ അതു സാക്ഷ്യപ്പെടുത്തുകയാണെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.

Previous Post Next Post