പാപ്പിനിശ്ശേരി മേൽപാലത്തിലെ അപകടക്കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ചരക്കുലോറി ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്


പാപ്പിനിശ്ശേരി :- റെയിൽവേ മേൽപാലത്തിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ചരക്കു ലോറി എതിരെവന്ന പാചകവാതക ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ 6ന് മേൽപാലത്തിനു മുകളിലാണ് അപകടം. മംഗളൂരുവിലേക്ക് പോകുന്ന പാചകവാതക ടാങ്കർ ലോറിയും കണ്ണൂരിലേക്ക് പോകുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. കാലിനു ഗുരുതര പരുക്കുകളോടെ തമിഴ്‌നാട് സ്വദേശി ബാലകൃഷ്ണനെ (35) കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തകർന്ന ലോറി കാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരാണു പുറത്തെടുത്തത്. അപകടത്തെ തുടർന്നു പാപ്പിനിശേരി-പഴയങ്ങാടി കെഎസ്‌ടിപി റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. ഏറെനേരം പരിശ്രമിച്ചാണ് ഇരുവാഹനങ്ങളെയും പാലത്തിൽ നിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനായത്. കഴിഞ്ഞ ദിവസവും മേൽപാലത്തിലെ കുഴിയിൽ വീണു സ്‌കൂട്ടർ യാത്രികർക്ക് പരുക്കേറ്റിരുന്നു. കുഴിയിൽ വീണ് ഒട്ടേറെ വാഹനങ്ങൾ പതിവായി അപകടത്തിൽ പ്പെടുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

Previous Post Next Post