കൂട്ടായ്മയിൽ വിരുന്നൊരുക്കി കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ 'ഇർറോ'ഓണാഘോഷം സംഘടിപ്പിച്ചു

 


കൊളച്ചേരി':- 'ആർപ്പോ ...ഇർറോ..' കുട്ടികളാർത്തു വിളിച്ചു. ഓലക്കുടയും ചൂടി കുട്ടിമാവേലിയുമെത്തി. പണം കൊടുത്തു വാങ്ങാതെ കുട്ടികൾ പറമ്പിലും പാടത്തും പോയി ശേഖരിച്ച പൂക്കൾ കൊണ്ടൊരു വലിയ പൂക്കളം തീർത്തു. പാട്ടും ഡാൻസും കളികളുമൊക്കെയായി ആഹ്ലാദത്തിമർപ്പോടെ അവർ തങ്ങളുടെ കൊച്ചു വിദ്യാലയത്തിൽ ഓണം കെങ്കേമമാക്കി. 

കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ നടന്ന ഓണാഘോഷമാണ് കൂട്ടായ്മ കൊണ്ട് ശ്രദ്ധേയമായത്.രക്ഷിതാക്കൾക്കൊപ്പം പൂർവവിദ്യാർഥികളും നാട്ടുകാരുമെല്ലാമെത്തി. അതിഥിയായെത്തിയ കവിയും ഗായകനുമായ അഭിലാഷ് കണ്ടക്കൈ ചിന്തകളെ ഉണർത്തുന്നതോടൊപ്പം കമ്പോളത്തിന് കൈമാറിയ ഇന്നത്തെ ഓണമല്ല പണ്ടത്തെ ഓണമെന്നോർമ്മിച്ചു. സിനിമാഗാനങ്ങളിലെ ഓണത്തെ കണ്ടെടുത്ത് ഹൃദ്യമായി ആലപിച്ചു. കുട്ടികളതേറ്റ് പാടി.ഓണപ്പാട്ടുകൾക്കൊപ്പം പരിശീലനങ്ങളൊന്നുമില്ലാതെ കുട്ടികൾ ചുവട് വെച്ചപ്പോൾ അത് വിസ്മയമായി മാറി.

ഓണസദ്യയിൽ വിളമ്പിയ വിഭവങ്ങളിലോരോന്നിലും ഒരുമയുടെ  രുചി. വീട്ടുവളപ്പിലും കൃഷിയിടത്തിലും വിളഞ്ഞവ ഉൾപ്പെടെയുള്ളവ സദ്യയൊരുക്കാൻ തലേ ദിവസം തന്നെ സ്കൂളിലെത്തിച്ചു. കലവറ നിറഞ്ഞു കവിഞ്ഞു. രാത്രിയിൽ ആരംഭിച്ച സദ്യയൊരുക്കൽ. ഓണ വിഭവങ്ങളെല്ലാമൊരുക്കി വാഴയിലയിൽ  കുഞ്ഞുങ്ങൾക്ക് വിളമ്പിയത്  വാത്സല്യം. എ എസ് എസ് ജി വൈസ്ചെയർമാൻ കൂടിയായ കെ.വിനോദ് കുമാറിൻ്റെയും കെ. ശാന്തയുടെയും നേതൃത്വത്തിലാണ് സദ്യയൊരുക്കിയത്.

ചടങ്ങിൽ എസ്.എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി.പി.ടി.എ പ്രസിഡൻ്റ് ടി.വി. സുമിത്രൻ, മദേർസ് ഫോറം പ്രസിഡൻ്റ് നമിതാ പ്രദോഷ് , പ്രഥമാധ്യാപകൻ വി.വി. ശ്രീനിവാസൻ, സി.ഗീത ടീച്ചർ,കെ.വി.ശങ്കരൻ, ടി.സുബ്രഹ്മണ്യൻ,അരുൺകുമാർ.പി.എം,രോഷ്ന. ടി.പി,നീതു.ടി,കെ.ശിഖ, വി.വി. രേഷ്മ ആശംസ നേർന്നു. നിര്യാതനായ വി. ലക്ഷ്മണൻ(കെ.എം എസ് ) ൻ്റെ സ്മരണയ്ക്കായി കുടുംബം നൽകിയ പാചക പാത്രം കെ. ശാന്ത ഏറ്റുവാങ്ങി.കെ.പി. നിതിഷ, ഷാഹിന ഒ.പി, സരള. പി.പി, രമ്യ. കെ,രഹന.കെ,രജിത്ത് പട്ടേരി, ജ്യോതി ജിത്ത്, സുബിന സനീഷ്,രാധിക, രമ്യ ദിവാകരൻ, രമ്യ സതീശൻ, കാഞ്ചന,വിസ്മയ, ഷീജ പി.വി, ഷിജു വി.വി., കെ.പി.വിനോദ്,റിജിന, ലാവണ്യ, വിജിന, നിഷിന, സുജിന, സ്നേഹ, ഉത്തമൻ ,വിനീഷ് കാട്ടി, സനീഷ് .ടി സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും നൽകി.



Previous Post Next Post