കണ്ണൂർ :- ഓണ വിപണിയിലെ ത്തുന്ന ഭക്ഷ്യവസ്‌തുക്കളിൽ മായമില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് സ്പെഷൽ സ്ക്വാഡുകളും മൊബൈൽ ലാബും സജ്‌ജമാക്കി ഇന്നുമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന. 13 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും. ഓരോ സ്ക‌്വാഡിലും മൂന്നോ അതിലധികമോ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുണ്ടാകും. ഇന്ന് തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലാണ് സ്ക്വാഡ് പരിശോധന. ഭക്ഷ്യവസ്തുക്കളുടെ വിൽപന, വിതരണം, നിർമാണം, സംഭരണം എന്നിവ ചെയ്യുന്ന എല്ലാ സ്‌ഥാപനങ്ങളിലും പരിശോധന നടത്തും. മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വഴിയോര ഭക്ഷണശാലകൾ, ബേക്കിങ് യൂണിറ്റുകൾ, കേറ്ററിങ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കാണ് ഊന്നൽ. പാൽ, പാൽ ഉൽപന്നങ്ങൾ, ശർക്കര, കായ വറുത്തത്, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, പായസക്കൂട്ട്, പച്ചക്കറികൾ തുടങ്ങിയവയെല്ലാം പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം. മായം, നിറം, ലേബലിലെ വിവരങ്ങൾ തുടങ്ങിയവയും ശ്രദ്ധിക്കും.
താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന സ്റ്റാളുകളിൽ ഭക്ഷ്യോൽപന്ന വിപണനം, വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യോൽപാദന യൂണിറ്റുകൾ, പായസ വിതരണ സ്റ്റാളുകൾ എന്നിവ നടത്താൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസോ റജിസ്ട്രേഷനോ എടുക്കണം. പായ്ക്ക് ചെയ്തു വിൽക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളിലും പൂർണമായ ലേബൽ വിവരങ്ങൾ ഉണ്ടായിരിക്കണം. ഹോട്ടലുകൾ വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട്, തൊഴിലാ ളികളുടെ ആരോഗ്യപരിശോധനാ റിപ്പോർട്ട് എന്നിവയും കരുതണം. ഓണവിപണി ലക്ഷ്യമിട്ട് ഇതര സംസ്‌ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന പാൽ, പച്ചക്കറികൾ എന്നിവ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചു പരിശോധിക്കും.