കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങി ; രണ്ട് പെരുമ്പാമ്പുകളെ പിടികൂടി കാട്ടിൽവിട്ടു


ചെറുപുഴ :- മലയോര മേഖലയിൽ പെരുമ്പാമ്പുകളുടെ ശല്യം വർധിച്ചു. ഇന്നലെ രാവിലെ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, കോക്കടവ് ഭാഗങ്ങളിൽ നിന്നു 2 കൂറ്റൻ പെരുമ്പാമ്പുകളെയാണു വനംവകുപ്പ് ഉദ്യോഗസ്‌ഥർ പിടികൂടി കാട്ടിൽ വിട്ടത്. മീന്തുള്ളിയിലെ കണംകൊമ്പിൽ ബാബുവിൻ്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് 4 കോഴികളെ വിഴുങ്ങി. രാവിലെയാണു വീട്ടുകാർ പെരുമ്പാമ്പിനെ കോഴിക്കൂട്ടിൽ കുരുങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു. 

കോക്കടവിലെ ആടിമാക്കിൽ ബെന്നിയുടെ വീടിനു സമീപത്തെ വിറകുപുരയിൽ ഇന്നലെ രാവിലെയാണു വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാർ പഞ്ചായത്ത് അംഗം കെ.ഡി പ്രവീണിനെ വിവരം അറിയിച്ചു. പഞ്ചായത്ത് അംഗം വിവരം അറിയിച്ചതിനെ തുടർന്നു സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പെരു മ്പാമ്പിനെ പിടികൂടി കാട്ടിൽ വിടുകയായിരുന്നു. ഇരു സ്ഥലങ്ങള ലും നിന്നു പിടികൂടിയത് കൂറ്റൻ പെരുമ്പാമ്പുകളെയാണ്. കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം മൂലം മലയോര മേഖലയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിനിടയിൽ പെരുമ്പാമ്പ് കൂടി നാട്ടിൽ ഇറങ്ങിയതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഭയപ്പാടിലാണ്. കനത്ത മഴയായതിനാൽ രാത്രിയിൽ വീടിനു പുറത്തു നടക്കുന്ന സംഭവം പോലും വീട്ടുകാർ അറിയുന്നില്ല.

Previous Post Next Post