കണ്ണൂർ :- കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നാളെ ബുധനാഴ്ച നടക്കും. ഫലപ്രഖ്യാപനം വൈകുന്നേരത്തോടെയുണ്ടാകും. ചില കോളേജുകളിൽ കൊട്ടിക്കലാശം തിങ്കളാഴ്ച നടന്നു. ചിലയിടത്ത് ചൊവ്വാഴ്ച ഉച്ചയ്ക്കാണ്. എസ്.എഫ്.ഐ യും കെ.എസ്.യു - എം.എസ്.എഫ് മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ചെയർമാൻ/ചെയർപേഴ്സൺ, യു.യു.സി, ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പ്രമുഖ കോളേജുകളിൽ തീപാറുന്ന പോരാട്ടമാണ്. ഗവ. ബ്രണ്ണൻ കോളേജിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെ.എസ്.യു പ്രവർത്തക നൽകിയ നാമനിർദേശപത്രിക സാങ്കേതിക കാരണങ്ങളാൽ തള്ളിപ്പോയി. ബ്രണ്ണനിൽ മാഗസിൻ എഡിറ്റർ, ജനറൽ ക്യാപ്റ്റൻ, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കോളേജുകളിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഊർജ സ്വലമായ പ്രവർത്തനത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകർ. കഴിഞ്ഞവർഷം കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ ചെയർപേഴ്‌സൺ സ്ഥാനം കെ.എസ്.യു.വിനായിരുന്നു. ഈ വിജയവും സംസ്ഥാനത്തെ മറ്റ് കാംപസുകളിൽ മുന്നേറ്റവുമുണ്ടാക്കിയ ആവേശത്തിലാണ് കെ.എസ്.യു.-എം.എസ്.എഫ് പ്രവർത്തകർ. എ.ബി.വി.പി യും പല കാംപസുകളിലും മത്സരംഗത്തുണ്ട്. ഫ്രറ്റേണിറ്റി മൂവ്മെന്റും സ്വാധീനമുള്ള കാംപസുകളിൽ പോരാട്ടവീര്യം പ്രകടിപ്പിക്കുന്നു. പ്രമുഖസംഘടനകളുടെ ഒട്ടേറെ നേതാക്കൾ കാപംസുകളിലെത്തി. സ്ഥാനാർഥിയുമായി മുഖാമുഖം, പ്രകടനം തുടങ്ങിയവയുമായി തിരഞ്ഞെടുപ്പിൻ്റെ പെരുമ്പറമുഴക്കമാണ് കാംപസുകളിലുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലും മാനന്തവാടി താലൂക്കിലുമായി ഒൻപത് സർക്കാർ കോളേജുകളുൾപ്പെടെ സർവകലാശാലയ്ക്ക് കീഴിൽ 94 കോളേജുകളാണുള്ളത്.