ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 'നാക്' റാങ്കിങ്ങിന് മാലിന്യസംസ്കരണവും മാനദണ്ഡമാക്കും


തിരുവനന്തപുരം :- ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 'നാക്' റാങ്കിങ്ങിന് മാലിന്യസംസ്കരണവും മാനദണ്ഡമാക്കും. കോളേജുകളെ ഹരിതകാമ്പസുകളാക്കാനാണ് നിർദേശം. 2025 മാർച്ചോടെ കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായാണിത്. മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസ് പാഠപുസ്തകങ്ങളിൽ മാലിന്യസംസ്കരണം പഠനവിഷയമാണ്. 'എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം' എന്ന ആശയത്തിൽ പ്രായോഗികപ്രവർത്തനവും മാലിന്യ സംസ്കരണമേഖലയിലെ ഏജൻസികളിൽ ഇൻ്റേൺഷിപ്പും നൽകും. മാലിന്യ സംസ്കരണം കുറ്റമറ്റതാക്കാൻ വിദ്യാർഥികളും യുവാക്കളുമിറങ്ങും. ടൗണുകൾ, കച്ചവടസ്ഥാപനങ്ങൾ, വൻതോതിൽ മാലിന്യംഉത്പാദിപ്പിക്കുന്ന സ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, സ്കൂളുകൾ, ഉന്നവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി പോരായ്മ കണ്ടെത്തും.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നം കേരളത്തിലേക്കു കടക്കുന്നത് തടയാൻ ചെക്കു പോസ്റ്റുകളിൽ പരിശോധന കർശനമാക്കും.മാതൃകാപരമായി പ്രവർത്തിക്കുന്നവയെ ഹരിത ചെക്കുപോസ്റ്റുകളാക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നം സൂക്ഷിക്കുന്ന മൊത്തക്കച്ചവടക്കാർക്കെതിരേ നടപടിയെടുക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യമുക്ത സംസ്ഥാന പ്രഖ്യാപനത്തിനുള്ള ഒരുക്കം സെപ്റ്റംബർ 30-നകം പൂർത്തിയാക്കും. നവംബർ ഒന്നിന് 10 ശതമാനം അയൽക്കൂട്ടങ്ങളെ ഹരിത അയൽ ക്കൂട്ടമായി പ്രഖ്യാപിക്കും. മാർച്ച് എട്ടിനകം ഇത് 100 ശതമാനമാക്കും. ടൂറിസം കേന്ദ്രങ്ങളെ മാർച്ച് 30-നകവും ഓഫീസുകളെ ജനുവരി 26-നകവും ഹരിതമേഖലയാക്കും. ടൗണുകളെ ജനുവരി 26നകം സമ്പൂർണ ശുചിത്വമുള്ളതായി പ്രഖ്യാപിക്കും. ഇക്കൊല്ലം ഡിസംബർ 31-ന് മാർക്കറ്റുകളും പൊതുസ്ഥലങ്ങളും ശുചിത്വമേഖലയായി മാറ്റും. ഡിസംബർ 31-ന് ഹരിതവിദ്യാലയ പ്രഖ്യാപനം നിർവ്വഹിക്കും.

Previous Post Next Post