ഭാരതീയൻ നാടിനെ വെളിച്ചത്തിലേക്ക് നയിച്ച പോരാളി - കെ. ബാലകൃഷ്ണൻ
കരിങ്കൽകുഴി :- വിദേശ അടിമത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ നാടിനെ വെളിച്ചത്തിലേക്കു നയിച്ച സ്വാതന്ത്ര്യ സമര പോരാളികളിൽ പ്രമുഖനാണ് വിഷ്ണുഭാരതീയൻ എന്ന് പ്രശസ്ത പത്രപ്രവർത്തകൻ കെ. ബാലകൃഷ്ണൻ പറഞ്ഞു. കെ.എസ് ആൻ്റ് എ.സി സംഘടിപ്പിച്ച വിഷ്ണുഭാരതീയൻ ജന്മദിനാചരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വടക്കേ മലബാറിലെ ആദ്യത്തെ കോൺഗ്രസ്സുകാരിലൊരാളായിത്തീർന്ന അദ്ദേഹം താൻ പ്രവൃത്തിയെടുത്ത് താമസിക്കുന്ന കുഞ്ഞിമംഗലത്തും തന്റെ നാടായ കൊളച്ചേരി മേഖലയിലും കോൺഗ്രസ്സിന്റെ സന്ദേശം എത്തിച്ചു. വീടുവീടാന്തരം കയറി അംഗത്വം നൽകി കോൺഗ്രസ് ഘടകങ്ങൾ രൂപീകരിച്ചു. വീട് മലബാറിലെ കർഷകപ്രസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു.കേരളീയനുംഭാരതീയനും കെ.പി.ഗോപാലനും കെ.പി.ആറു ഭാരതീയമന്ദിരത്തിൽ ഒത്തുചേർന്നാണ് ആലോചനകൾ നടത്തിപ്പോന്നത്. കടുത്ത ദൈവവിശ്വാസിയും മതവിശ്വാസിയുമെങ്കിലും ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ടുവർഗമേയുള്ളുവെന്ന പാഠം ഉൾക്കൊണ്ട ഭരതീയൻ പുരാണേതിഹാസങ്ങളിൽനിന്ന് ഉദാഹരണങ്ങൾ കണ്ടെത്തി അത് മനോഹരമായി യോഗങ്ങളിൽ അവതരിപ്പിച്ചുപോന്നു. ജന്മിത്തചൂഷണത്തിനെതിരെ മലബാറിലെ എല്ലാ ഗ്രാമത്തിലും കാൽനടയാത്രചെയ്ത് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുകയും ധീരോദാത്തമായ സമരങ്ങൾക്ക് നേതൃത്വം നൽകി ത്യാഗം വരിക്കുകയുമായിരുന്നു ഭാരതീയൻ. ആ സമരസംഘടനാപ്രവർത്തനങ്ങളെക്കുറിച്ച് തികച്ചും സത്യസന്ധമായി അടിമകളെങ്ങനെ ഉടമകളായി എന്ന വിശിഷ്ട ചരിത്രഗ്രന്ഥം തയ്യാറാക്കിവെക്കുകയും ചെയ്തു. കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണ് അവസാനകാലംവരെ ഭാരതീയനെ പിന്തുടർന്നത്. കേരളത്തിലെ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ, ജന്മിത്തം അവസാനിപ്പിച്ചതിൽ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലമുന്നേറ്റത്തിൽ ഭാരതീയൻ അവിസ്മരണീയനാണ്. കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ ആ വ്യക്തിമുദ്രയുണ്ട്. അദ്ദേഹം പറഞ്ഞു.
വി.വി.ശ്രീനിവാസൻ അധ്യക്ഷനായി. തുടർന്ന് നടന്ന കാവ്യസന്ധ്യയിൽ രമേശൻ നണിയൂർ അധ്യക്ഷനായി. പി.വി.രാജേന്ദ്രൻ, ബഷീർ പെരുവളത്ത് പറമ്പ്, ഷീല നമ്പ്രം, ഗംഗാധരൻ മലപ്പട്ടം,രതീശൻ ചെക്കിക്കുളം, സുവർണ നാരായണൻ, രൂപേഷ് കൊളച്ചേരി എന്നിവർ കവിതകൾ അവതരിപ്പിച്ചു. രജിത്ത് എ.വി സ്വാഗതവും ഭാസ്കരൻ പി നണിയൂർ നന്ദിയും പറഞ്ഞു.