ഹജ്ജ് തീർത്ഥാടനത്തിനുള്ള ആദ്യ വിമാനം മെയ് 16 ന്


കൊണ്ടോട്ടി :- കേരളത്തിൽ നിന്നുള്ള അടുത്തവർഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 16- ന് പുറപ്പെടും. ജിദ്ദയിലേക്കായിരിക്കുമിത്. മടക്കയാത്ര മദീനയിൽ നിന്നായിരിക്കും. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ജൂൺ 21 മുതൽ ജൂലായ് 10 വരെയായിരിക്കും. ഹജ്ജ് സർവീസ് നടത്തുന്നതിന് വിമാനക്കമ്പനികൾക്കുള്ള ടെൻഡർ നോട്ടീസിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രാസമയം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തെ രണ്ടാംഘട്ടത്തിലാണ് പരിഗണിച്ചിരിക്കുന്നത്. 

രാജ്യത്തുനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 29-ന് പുറപ്പെടും. ഒന്നാംഘട്ടത്തിൽ മേയ് 15 വരെയാണ് സർവീസ്.കേരളത്തിൽ നിന്ന് മൂന്നു വിമാനത്താവളങ്ങൾ വഴി 14,983 സീറ്റുകളാണ് ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5591 പേർ കരിപ്പൂരിൽ നിന്നും 5482 പേർ കൊച്ചിയിൽ നിന്നും 3910 പേർ കണ്ണൂരിൽ നിന്നും പുറപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. രണ്ടാംഘട്ടത്തിലായതിനാൽ, മറ്റു സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന സീറ്റുകൾ കേരളത്തിനു ലഭിക്കാൻ സാധ്യതയേറെയാണ്.

Previous Post Next Post