ഇന്ത്യയിൽ വായുമലിനീകരണ തോത് കൂടുന്നു ; 2021-ൽ മരിച്ചത് 16 ലക്ഷം പേരെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്


ന്യൂഡൽഹി :- വായുമലിനീകരണം കാരണം ഇന്ത്യയിൽ 2021- ൽ മരിച്ചത് 16 ലക്ഷം പേരെന്ന് ആരോഗ്യത്തെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു മുള്ള ലാൻസെറ്റ് കൗണ്ട്ഡൗണിൻ്റെ പുതിയ റിപ്പോർട്ട്. കൽക്കരി, ദ്രാവക വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വഴിയുള്ളതാണ് 38 ശതമാനം മലിനീകരണവും. 2022-ൽ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള പി.എം 2.5 (കണികാ മലിനീകരണം) ബഹിർഗമനത്തിന്റെ 15.8 ശതമാനവും ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള പി.എം. 2.5 ബഹിർഗമനത്തിന്റെ 16.5 ശതമാനവും ഇന്ത്യയിൽനിന്നാണ്. 25 മൈക്രോമീറ്ററിൽ താഴെയുള്ള ഈ മാലിന്യകണങ്ങൾക്ക് നേരിട്ട് ശ്വാസകോശത്തിൽ പ്രവേശിക്കാനാവും. ഡൽഹിയുടെ വായുമലിനീകരണത്തിൽ ഏറ്റവും വലിയ കാരണമായി പറയുന്ന വൈക്കോൽ കത്തിക്കൽ 2018-നും 2024 ഒക്ടോബർ പകുതിക്കും ഇടയിൽ 51 ശതമാനം കുറഞ്ഞിരിക്കുന്നുവെന്ന നാസ റിപ്പോർട്ടുള്ളപ്പോഴാണ് ഈ വർഷം ഒക്ടോബർ 12- നും 21-നും ഇടയിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി റിപ്പോർട്ടുപ്രകാരം, ഡൽഹിയിലെ പി.എം. 2.5 അനുപാതത്തിന്റെ 0.92 ശതമാനം മാത്രമാണ് വൈക്കോൽ കത്തിച്ചതിലൂടെ ഉണ്ടായത്. 

ഡൽഹിയിൽ അഭിമുഖീകരിക്കുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് അസ്വസ്ഥജനകമാണെന്നും ഇതുതടയാൻ സർക്കാർ പുതിയനയമുണ്ടാക്കണമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. മാലിന്യത്തിന്റെ പകുതിയിലധികവും വാഹനങ്ങളിൽ നിന്നാണ്. വായുമലിനീകരണം പൊതുജനാരോഗ്യ വെല്ലുവിളിയായ സാഹചര്യത്തിൽ ഇതിന് ഭരണപരമായ മുൻഗണന നൽകണം.

Previous Post Next Post