ന്യൂഡൽഹി :- രാജ്യത്ത് 'ഡിജിറ്റൽ അറസ്റ്റും' മറ്റ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്നതോടെ അന്വേഷണത്തിന് ഉന്നതതല സമിതി രൂപവത്കരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കുറ്റക്കാർക്കെതിരേ ഉടൻ നടപടിയെടുക്കാൻ സമിതിയെ ചുമതലപ്പെടുത്തി. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക.
ബോധവത്കരണത്തിനായി സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും രാജ്യവ്യാപകമായി പ്രചാരണപരിപാടികളും നടത്തും. ആഭ്യന്തരമന്ത്രാലയത്തിൻ്റെ കീഴിലുള്ള സൈബർക്രൈം കോഡിനേഷൻ സെന്റർ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് മേധാവികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ സൈബർ കേസുകളും സെന്ററിന് കൈമാറണമെന്നാണ് നിർദേശം.