മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ നടന്ന 'യൂത്ത് മീറ്റ്സ് ഹരിതകർമസേന' ആശയവിനിമയ പരിപാടിയിൽ സംഘടിപ്പിച്ചു. മയ്യിൽ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടേയും നെഹ്റു യുവകേന്ദ്രയുടേയും സഹകരണത്തോടെ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും മയ്യിൽ ഐഎംഎൻഎസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ് എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച 'യുവജ്വാല, ഏകദിന യുവജന പാഠശാലയുടെ ഭാഗമായിരുന്നു ഈ മുഖാമുഖം. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ രമ്യ സുനിൽ മുഖ്യാതിഥിയായി. മയ്യിൽ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ വി വി അനിത യുവജ്വാല ഉദ്ഘാടനം ചെയ്തു. എം ഭരതൻ അധ്യക്ഷനായി.
ഇന്ന് പെറുക്കാൻ പോയില്ലേ" - എന്ന കുശലാന്വേഷണമുണ്ടാക്കുന്ന വേദനയെക്കുറിച്ച് പറഞ്ഞാണ് ഹരിതകർമ സേനാംഗമായ ഉഷാമണി സംഭാഷണം തുടങ്ങിയത്. മാലിന്യശേഖരണത്തിനായി എത്തിയപ്പോൾ പട്ടിയുടേയും പൂച്ചയുടേയും കടിയേറ്റ് പേവിഷബാധയ്ക്ക് കുത്തിവെക്കേണ്ടി വന്നപ്പോൾ പോലും അനുഭവിക്കാത്ത വേദന ഇത്തരം അഭിസംബോധന ഉണ്ടാക്കുന്നുവെന്നാണ് അവരെല്ലാവരും പറഞ്ഞുവെച്ചത്. ഹരിതകർമസേനയെ ക്കുറിച്ച്, അവരുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാമെന്ന ചോദ്യം ഓരോ മനുഷ്യരോടും ഉന്നയിക്കുന്നുണ്ട് അവരുടെ അനുഭവങ്ങൾ. മാലിന്യം തരംതിരിച്ച് കൈമാറാത്ത വീട്ടുകാരെക്കുറിച്ച് പഞ്ചായത്ത് അംഗത്തോട് പരാതി പറഞ്ഞ ഹരിതകർമസേനക്കാരുടെ ദേഹത്തേക്ക് തിളച്ചവെള്ളമൊഴിച്ച പൊള്ളുന്ന അനുഭവം പറഞ്ഞത് ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്ററായ ഇ.കെ സോമശേഖരനാണ്. തിളച്ചവെള്ളമൊഴിച്ച വീട്ടമ്മ പിന്നീട് ഹരിതകർമസേനാംഗമായി മാറിയ പരിവർത്തന കഥകൂടി പറഞ്ഞാണ് സോമശേഖരൻ അവതരണം അവസാനിപ്പിച്ചത്. യാത്രയിലിന്നോളം കിട്ടിയ ബസ് ടിക്കറ്റുകൾ ചാക്കിൽ സൂക്ഷിച്ച് പുനരുപയോഗത്തിനായി കൈമാറിയ കുറ്റൂരുകാരനായ മുഹമ്മദെന്ന മാലിന്യമുക്ത കേരളത്തിൻ്റെ 'ബ്രാൻഡ് അംബാസഡറാ'യ സാധാരണ മനുഷ്യൻ്റെ കഥയും അദ്ദേഹം യുവജനങ്ങളോട് പങ്കുവെച്ചു.
ഹരിതകർമസേനാംഗമായിരിക്കുക എന്നത് ഞങ്ങളുടെ ഉപജീവനം മാത്രമല്ല നയവും നിലപാടുമാണെന്നാണ് ഹരിതകർമസേനയുടെ കോ ഓർഡിനേറ്ററായ കെ വി സീന പറഞ്ഞത്. 2013ൽ മയ്യിൽ നഗരത്തിൽ പ്ലാസ്റ്റിക് ശേഖരണത്തിന് തുടക്കമിട്ടത് സീനയും മറ്റ് മൂന്നുപേരും ചേർന്നാണ്. ധൂർത്തിനായി ആയിരങ്ങൾ ചെലവഴിക്കുന്നവർക്ക് പോലും അമ്പതുരൂപ യൂസർഫീ നൽകാൻ മടിയാണെന്നതിൻ്റെ അനേകം അനുഭവങ്ങൾ നിരത്തി കെ.സി സുനിലയും, എം.വി ഷജിലയും, എം.വി ഗൗരിയും, എം.സി ഉഷയും കെ. മിനിയും. കയ്ക്കുന്ന കഥകൾ ഏറെയുണ്ടെങ്കിലും അഭിമാനമാണ് ഈ തൊഴിലെന്ന് അവർ പറഞ്ഞു. ശരീരവും മനസും ഉള്ളിടത്തോടം ഈ തൊഴിലിൽ തുടരുമെന്നും ഒട്ടും മടിയില്ലാതെ അവർ പറഞ്ഞു. കുടുംബത്തിൻ്റെ പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് അവർ കട്ടയ്ക്ക് ഒപ്പമുണ്ടെന്ന് മറുപടി.
പ്രധാനമന്ത്രിയുടെ മൻകീബാത്തിൽ മാതൃകാ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരാമർശം നേടിയ രമ്യ സുനിലിനെ അനുമോദിച്ചു. എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ സി.വി ഹരീഷ് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.പ്രസാദ്, കെ.സി ശ്രീനിവാസൻ, പി.പി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. എയ്ഡ്സ് പ്രതിരോധം, പ്രഥമശുശ്രൂഷയുടെ ജീവിതപാഠങ്ങൾ എന്നീ വിഷയങ്ങളിൽ അഡ്വ വി.റെജിമോൻ, ടി.സി ദിലീപ്, കെ.പി സജീന്ദ്രൻ എന്നിവർ അവതരണം നടത്തി.