കണ്ണൂർ: - എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.
നവീൻബാബുവിനെ അപമാനിക്കുകയായിരുന്നു ദിവ്യയുടെ ഉദ്ദേശം. ആഘാതം മനസിലാക്കി തന്നെയാണ് ദിവ്യയുടെ പ്രവൃത്തിയെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിപ്പകർപ്പിൽ കോടതി വ്യക്തമാക്കുന്നു. ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്ന വാദം അംഗീകരിച്ച കോടതി 38 പേജുള്ള വിധിയാണ് പുറപ്പെടുവിച്ചത്. ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതി വ്യക്തമാക്കുന്നു. ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശമാകും നൽകുകയെന്നും വിധിപ്പകർപ്പിൽ വ്യക്തമാക്കി.
അതേസമയം, എഡിഎമ്മിന്റെ ആത്മഹത്യയിൽ പി.പി.ദിവ്യ ഉടൻ കീഴടങ്ങണമെന്ന് സിപിഎം. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി കോടതി തള്ളിയതിന് പിന്നാലെയാണ് പാർട്ടി ഇടപെടൽ. പി.പി.ദിവ്യയുടെ അറസ്റ്റിന് ശ്രമിക്കുന്നുവെന്ന് പൊലീസ് പറയുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി.