കണ്ണൂർ :- ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സംബന്ധിച്ച് അവസ്ഥാ പഠനം സംഘടിപ്പിക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്നാണ് ഒക്ടോബര്‍ മൂന്നാം വാരത്തില്‍ അവസ്ഥാ പഠനം സംഘടിപ്പിക്കുന്നത്.
മൂന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളും 30 തദ്ദേശ ഭരണ സ്ഥാപന ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡുകളുമാണ് ജില്ലയിലുള്ളത്. ഇവയുടെ ശുചിത്വ - മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, പരിപാലനം, ബസ് സ്റ്റാന്‍ഡ് സൗന്ദര്യ വല്‍ക്കരണം തുടങ്ങിയവയാണ് അവസ്ഥാ പഠനത്തില്‍ ഉള്‍പ്പെടുക. മാര്‍ച്ച് 30 നകം ജില്ലയിലെ മുഴുവന്‍ ബസ് സ്റ്റാന്‍ഡുകളും ഹരിത ബസ് സ്റ്റാന്‍ഡുകളാക്കാന്‍ ലക്ഷ്യമിട്ടാണിത്.
കോളേജുകളില്‍ രൂപീകരിച്ച ഗ്രീന്‍ ബ്രിഗേഡ് ടീമുകളെയും എന്‍.എസ്.എസ് ടീമുകളെയും ഉപയോഗപ്പെടുത്തിയാണ് അവസ്ഥാ പഠനം നടത്തുക. ഒരാഴ്ചക്കകം പഠനം പൂര്‍ത്തിയാക്കി റിപ്പോട്ട് അതത് ബസ് സ്റ്റാന്‍ഡുകളുടെ ഉടമസ്ഥരായ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി സിക്കും കൈമാറും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും കെ.എസ് ആര്‍.ടി.സിയും നടത്തും.