കണ്ണൂർ :- നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടി കോർപറേഷൻ കാറ്റിൽപൗണ്ടിൽ പാർപ്പിച്ച കന്നുകാലികൾ ലേലത്തിന്. 14ന് വൈകിട്ട് 3ന് പാറക്കണ്ടി എ ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫിസ് പരിസരത്ത് ലേലം നടക്കും. വെറ്ററിനറി ഡോക്ടർ നിശ്ചയിക്കുന്ന അടിസ്‌ഥാന വിലയേക്കാൾ പരമാവധി കൂടുതൽ തുക വിളിക്കുന്നവരുടെ ലേലം തൽസമയം ഉറപ്പിക്കും. ഉടമകളാരും എത്താത്തതിനാൽ, 4 കന്നുകുട്ടികൾ ഉൾപ്പെടെ 12 കന്നുകാലികളുടെ ലേലമാണ് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 2 ആഴ്‌ച കൊണ്ട് കോർപറേഷൻ പരിധിയിൽ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ 40 ഓളം കന്നുകാലികളെയാണ് പിടികൂടിയത്. ഇതിന കം ഉടമസ്‌ഥരെത്തി പിഴ തുക നൽകി കന്നുകാലികളെ തിരികെ കൊണ്ടുപോയി. ഏറ്റെടുക്കാൻ ഉടമസ്ഥർ എത്താത്ത ബാക്കിയുള്ള കന്നുകാലികളെയാണ് ലേലം ചെയ്യുന്നത്.
അലഞ്ഞുതിരിയുന്ന കന്നുകാലിശല്യം രൂക്ഷമായതിനെ തുടർന്ന് കാലികളെ പിടികൂടുന്നതിന് 2 സ്ക്വാഡ് കോർപറേഷൻ രൂപീകരിച്ചിരുന്നു. ജില്ലാ ആസ്‌ഥാനത്ത് നഗര കേന്ദ്രത്തിലെ റോഡിലും പൊതുസ്‌ഥലങ്ങളിലും അലഞ്ഞു തിരിയുന്ന കന്നുകാലികൾ കടുത്ത പ്രതിസ ന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഇവയുടെ ശല്യം കാരണം കാൽ നടയാത്രക്കാരും വാഹനയാത്രക്കാരും അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം ഉയരുകയും ചെയ്തതിനു പിന്നാലെയാണ് നടപടിയുമായി കോർപറേഷൻ രംഗത്തെത്തിയത്. കന്നുകാലികളെ പിടികൂടുന്നതിനുള്ള പ്രതിഫലം 5,000 രൂപയായി ഉയർത്താനും 1,000 രൂപ ഭക്ഷണ ചെലവിലേക്ക് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. തെരുവുകളിൽ നിന്ന് പിടികൂടിയ കന്നുകാലിയെ വിട്ടുകിട്ടാൻ 11,000 രൂപ പിഴ തുക ഉടമയിൽ നിന്ന് ഈടാക്കും.